യു.പിയില്‍ ജയിച്ചത് ജാതിരാഷ്ട്രീയം
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വര്‍ഗീയ ധ്രുവീകരണവും ജാതിരാഷ്ട്രീയവും. പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി-അമിത്ഷാ കൂട്ടുകെട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രത്യക്ഷമാകുമെന്ന ഭീതിയാണ് അവരെ രാഷ്ട്രീയത്തിനപ്പുറം വര്‍ഗീയതയെ കൂട്ടുപിടിക്കാന്‍ പ്രേരിപ്പിച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി നടപ്പാക്കിയ തന്ത്രമായിരുന്നു ജനങ്ങളുടെ ജാതിബോധത്തെ ഇളക്കിവിട്ട് വോട്ടുകള്‍ നേടുകയെന്നത്. ഇതുതന്നെയാണ് സംസ്ഥാനത്ത് വീണ്ടും പയറ്റിയത്.
യു.പി ജനസംഖ്യയില്‍ 19 ശതമാനമുള്ള മുസ്‌ലിംകളെ പ്രതിപക്ഷത്താക്കി ഹൈന്ദവ വോട്ട് ഏകീകരണമാണ് മോദി ലോക് സഭാ തെരഞ്ഞെടുപ്പില്‍ പയറ്റിയിരുന്നത്. മുസ്‌ലിം വോട്ടുകള്‍ യു.പി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ഇത്തരമൊരു നീക്കം നടത്താന്‍ മോദിയും ബി.ജെ.പിയും ശ്രമിച്ചത്. മുസ്‌ലിം വോട്ടുകള്‍ ബി.എസ്.പിയിലും എസ്.പിയിലുമായി ഭിന്നിച്ചതാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വന്‍വിജയത്തിന് അടിത്തറയൊരുക്കിയത്. ഇതിനുപുറമെ, വോട്ടുചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ ആസൂത്രിതമായ നീക്കവും ബി.ജെ.പി നടത്തി.
2011ലെ സെന്‍സസ് അനുസരിച്ച് യു.പിയില്‍ ദലിത് വോട്ടുകള്‍ 20.7 ശതമാനവും മുസ്‌ലിം വോട്ടുകള്‍ 19 ശതമാനവുമാണ്. മുസ്‌ലിം-ദലിത് വോട്ടുകള്‍ ഏകീകരിക്കുന്നതിനായി ബി.എസ്.പി നേതാവ് മായാവതി 403 സീറ്റുകളില്‍ 99 സീറ്റുകള്‍ മുസ്‌ലിംകള്‍ക്ക് നല്‍കി. 106 സീറ്റുകള്‍ ഒ.ബി.സി, ബ്രാഹ്മണര്‍ക്ക് 66 സീറ്റുകള്‍, താക്കൂര്‍മാര്‍ക്ക് 33 സീറ്റുകള്‍, മറ്റ് വിഭാഗക്കാര്‍ക്ക് 11 സീറ്റുകള്‍ എന്നിങ്ങനെയാണു നല്‍കിയത്. ദലിത് വോട്ട് ബാങ്കുകള്‍ തനിക്കൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതിനാണ് മായാവതി പരമാവധി ശ്രമിച്ചിരുന്നത്. 2007ലെ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ തന്ത്രമായിരുന്നു മായാവതി ഇത്തവണയും പയറ്റിയിരുന്നത്. ദലിതുകളെയും മുസ്‌ലിംകളെയും ബി.ജെ.പി ദുരിതത്തിലാക്കുന്നുവെന്നതായിരുന്നു മായാവതി പ്രചാരണത്തില്‍ ഉയര്‍ത്തിയ പ്രധാന ആയുധം.
എന്നാല്‍ മുസ്‌ലിംകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാതെയും യാദവ വിഭാഗങ്ങളെ പൂര്‍ണമായി അവഗണിച്ചുംകൊണ്ടുള്ള സ്ഥാനാര്‍ഥി ലിസ്റ്റായിരുന്നു ബി.ജെ.പി പുറത്തിറക്കിയിരുന്നത്. മതധ്രുവീകരണത്തിനൊപ്പം മുസ്‌ലിം വോട്ടുബാങ്കില്‍ ഭിന്നത സൃഷ്ടിക്കാനും കഴിഞ്ഞതോടെ ബി.ജെ.പി വന്‍വിജയമാണ് യു.പിയില്‍ കൊയ്‌തെടുത്തത്. ഇത് രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്ത് നടക്കാനിരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഇത് പ്രകടമാകുമെന്നതും വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."