തുവ്വൂര്‍, കരുവാരകുണ്ട്, ദാറുന്നജാത്ത് സ്‌കൂളുകള്‍ക്ക് മികച്ച നേട്ടം
കരുവാരകുണ്ട്: എസ്.എസ്.എല്‍.സിയില്‍ തുവ്വൂര്‍ ഗവ.ഹൈസ്‌കൂളിന് മികച്ച നേട്ടം. 98.76 ശതമാനമാണ് സ്‌കൂളിലെ വിജയം. 410 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 405 വിദ്യാര്‍ഥികളും വിജയിച്ചു.19 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. കരുവാരകുണ്ട് ഗവ.ഹൈസ്‌കൂളില്‍ 629 പേര്‍ പരീക്ഷ എഴുതിയതില്‍ 600 വിദ്യാര്‍ഥികള്‍ വിജയിച്ചു.
95.38 ശതമാനമാണ് വിജയം. 38 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. നീലാഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ 101 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 98 പേര്‍ വിജയിച്ചു. പുന്നക്കാട് ദാറുന്നജാത്ത് ഹൈസ്‌കൂളില്‍ നൂറു ശതമാനം വിജയിച്ചു. 88 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയിരുന്നത്.12 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
നെല്ലിക്കുത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
മഞ്ചേരി: നെല്ലിക്കുത്ത് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മികച്ച നേട്ടം. 100 മേനി വിജയത്തില്‍ ഈ വിദ്യാലയം ഹാട്രിക് തികച്ചു. പരീക്ഷയെഴുതിയ 254 വിദ്യാര്‍ഥികളും ഉന്നത പഠനത്തിന് യോഗ്യത നേടി. ഇതില്‍ 14 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചു. പത്ത് പേര്‍ ഒന്‍പത് വിഷയങ്ങളിലും മൂന്നു പേര്‍ എട്ടു വിഷയങ്ങളിലും എപ്ലസ് സ്വന്തമാക്കി. കൃത്യതയാര്‍ന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഈ വിജയമെന്നും വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും അധ്യാപകര്‍ പറഞ്ഞു.
കാടിന്റെ മക്കളും വിജയം കൊയ്‌തെടുത്തു
നിലമ്പൂര്‍: ഉള്‍വനങ്ങളിലെ ചോല നായ്കര്‍, കാട്ടുനായ്കര്‍ ഉള്‍പ്പെടെ ആദിവാസി ഗോത്രവര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ പഠിക്കുന്ന നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇക്കുറി നൂറുമേനി. 35 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 35 പേരും വിജയിച്ചു.
എന്നാല്‍ മുഴുവന്‍ എപ്ലസും ആര്‍ക്കും ലഭിച്ചില്ല. അധ്യാപകരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളും. മേഖലയിലെ ജനപ്രതിനിധികള്‍ ജനമൈത്രി പൊലിസ്, ഐ.റ്റി.ഡി.പി.തുടങ്ങിയ വകുപ്പുകളുടെ സഹകരണവും സ്‌കൂളിന് 100 മേനി നേട്ടം കൈവരിക്കാന്‍ സഹായിച്ചു. പല സര്‍ക്കാര്‍ സ്‌കൂളുകളിലും വിജയശതമാനം 95 മുതല്‍ 97 ശതമാനം നില്‍ക്കുമ്പോഴാണ് ഐ.ജി.എം.എം.ആര്‍ സ്‌കൂളിന് 100 മേനി എന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."