അഞ്ചിടങ്ങളിലും ഭരണപക്ഷത്തിന് പ്രഹരം
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ബി.ജെ.പി പിടിച്ചപ്പോള്‍ പഞ്ചാബില്‍ മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്.
മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയുമായി. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുനടന്ന വോട്ടെടുപ്പില്‍ ബി.എസ്.പിയും കോണ്‍ഗ്രസ്- എസ്.പി സഖ്യവും തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന് ഏഴു സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നപ്പോള്‍ സംസ്ഥാനത്ത് അധികാരത്തിലേറുമെന്നു കരുതപ്പെട്ടിരുന്ന ബി.എസ്.പി ആകെയുള്ളതിന്റെ ഇരുപതിലൊന്ന് സീറ്റ് പോലുംനേടാതെ നിഷ്പ്രഭമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ നേടിയ ബി.എസ്.പിയുടെ നേട്ടം 19ലൊതുങ്ങി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് 47 സീറ്റും ലഭിച്ചു. പീസ് പാര്‍ട്ടി, ഉലമാ കൗണ്‍സില്‍, അസദുദ്ദീന്‍ ഉവൈസി എം.പിയുടെ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്നീ മുസ്‌ലിം കക്ഷികള്‍ നിലംതൊട്ടതേയില്ല. ഇടതുപക്ഷം 140 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തുപോലും ശക്തമായ സാന്നിധ്യമറിയിച്ചില്ല.
ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്നു പ്രതീക്ഷിച്ച ഗോവയിലെ ആകെയുള്ള 40 സീറ്റില്‍ കോണ്‍ഗ്രസ് 17 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അധികാരം ലഭിക്കാന്‍ ഗോവയില്‍ 21 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. 13 സീറ്റുകള്‍ ലഭിച്ച ബി.ജെ.പിയാണ് രണ്ടാംകക്ഷി. പുതുതലമുറ രാഷ്ട്രീയപാര്‍ട്ടിയായ എ.എ.പി സാന്നിധ്യമറിയിക്കുമെന്നു കരുതിയെങ്കിലും ഒരുസീറ്റില്‍ പോലും ജയിക്കാനായില്ല. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാജയപ്പെട്ടത് ബി.ജെ.പിക്കു തിരിച്ചടിയായി. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും വിമത ബി.ജെ.പി കക്ഷിയായ എം.ജി.പിയും മൂന്നുവീതം സീറ്റുകളും എന്‍.സി.പി ഒരു സീറ്റും നേടി. സ്വതന്ത്രര്‍ നാലിടത്തും ജയിച്ചു.
മറ്റൊരു ശ്രദ്ധേയ മത്സരം നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണു നടത്തിയത്. ആകെയുള്ള 117 സീറ്റില്‍ കോണ്‍ഗ്രസ് 77 ഇടത്ത് ജയിച്ചു.
ഭരണകക്ഷിയായ ബി.ജെ.പി- അകാലിദള്‍ സഖ്യം തകര്‍ന്നടിഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ മാത്രമല്ല തങ്ങളുടെ ശക്തിയെന്ന് തെളിയിച്ച് എ.എ.പി 20 സീറ്റുകള്‍ നേടി രണ്ടാമത്തെ കക്ഷിയായി. കഴിഞ്ഞ തവണ 12 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിയുടെ നേട്ടം മൂന്നുസീറ്റിലൊതുങ്ങി.
അകാലിദളിന് 15 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. ഉത്തരാഖണ്ഡില്‍ കനത്ത പരാജയമാണ് ഭരണകക്ഷിയായ കോണ്‍ഗ്രസിനുണ്ടായത്. ആകെയുള്ള 71 സീറ്റില്‍ 57 ഇടങ്ങളിലും ബി.ജെ.പി ജയിച്ചു. മുഖ്യമന്ത്രി ഹരീഷ് റാവത്ത് മത്സരിച്ച ഹരിദ്വാര്‍ റൂറല്‍, കിച്ച എന്നീ രണ്ടു മണ്ഡലങ്ങളിലും അദ്ദേഹം പരാജയപ്പെട്ടു. കഴിഞ്ഞതവണ 32 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 11 സീറ്റുകളേ ലഭിച്ചുള്ളൂ.
മണിപ്പൂരില്‍ ഭരണവിരുദ്ധവികാരത്തെ അതിജീവിച്ച കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 60 അംഗ നിയമസഭയിലേക്കുനടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് 26 സീറ്റുകള്‍ നേടി. ഭരണം നിലനിര്‍ത്താന്‍ നാലുസീറ്റുകള്‍ കൂടി കോണ്‍ഗ്രസിനു വേണം. 22 സീറ്റുകള്‍ നേടി ബി.ജെ.പി രണ്ടാമത്തെ വലിയ കക്ഷിയുമായി. ആദ്യമായാണ് മണിപ്പൂരില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."