ഫ്‌ളക്‌സില്‍ ഒതുങ്ങി ! കോട്ടയ്ക്കകം ചൊക്കംതീനി കടവിലെ തൂക്കും പാലം നിര്‍മാണം
നെടുമങ്ങാട്: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായേക്കാവുന്ന കോട്ടയ്ക്കകം ചൊക്കംതീനി കടവിലെ തൂക്കുപാലത്തിന്റെ നിര്‍മാണം ഫ്‌ളക്‌സ് ബോര്‍ഡിലൊതുങ്ങി. ഫണ്ട് കണ്ടത്താനാകാത്തതാണ് പാലം നിര്‍മാണത്തെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ഇടതു പഞ്ചായത്ത് ഭരണസമിതി മുപ്പത്തിമൂന്ന് ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. തൂക്കുപാലത്തിന്റെ നിര്‍മാണം 53 ലക്ഷം രൂപയുടെ രണ്ടു പദ്ധതികളായിട്ടാണ് നടത്താന്‍ ഉദ്ദേശിച്ചിരുന്നതെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.രാധാക്യഷ്ണന്‍ പറഞ്ഞു.
കരമനയാറിന്റെ ഇരുകരയും തമ്മില്‍ 60 മീറ്ററോളം ദൂരമുണ്ട്.പഞ്ചായത്ത് ഫണ്ടില്‍ പാലത്തിന്റെ നിര്‍മാണവും,ഇരുകരകളിലും പാലം ഉറപ്പിച്ചുനിര്‍ത്തുന്നതിനായി സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് എം.പി ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും സംഘടിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ ഭരണസമിതിയുടെ കണക്കുകൂട്ടല്‍.
പഞ്ചായത്ത് ഫണ്ടിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ചു.കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡും ഉയര്‍ന്നു. പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും ബാക്കിയുള്ള തുക കണ്ടെത്താനാകാത്തതോടെ പാലം പണി അവതാളത്തിലായി.
തുടര്‍ന്ന് വന്ന പുതിയ യു.ഡി.എഫ് ഭരണസമിതിക്കും പാലത്തിനായി കൂടുതല്‍ തുക അനുവദിക്കാനായില്ല.
അന്ന് പഞ്ചായത്ത് അനുവദിച്ച തുക ഇപ്പോഴും വകയിരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് എസ്.ഷാമിലാബീഗം പറഞ്ഞു.കൂടുതല്‍ ഫണ്ട് ഉടനടി കണ്ടെത്തി ജോലി ആരംഭിക്കാനായില്ലെങ്കില്‍ പഞ്ചായത്ത് അനുവദിച്ച ഫണ്ട് നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഫണ്ടിന്റെ അപര്യപ്തതമൂലം ഉടനടി കൂടുതല്‍ തുക അനുവദിക്കാനും കഴിയില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.
ആവശ്യമായ ഫണ്ട് ഉടനടി അനുവദിക്കുന്നതിന് നടപടികള്‍ അധിക്യതര്‍ സ്വീകരിച്ചില്ലെങ്കില്‍ വര്‍ഷങ്ങളായുള്ള തങ്ങളുടെ സ്വപ്നം നടക്കാതെ പോകുമെന്ന് നാട്ടുകാര്‍ക്കും ആശങ്കയുണ്ട്.
ഈ പാലം യാഥാര്‍ഥ്യമായാല്‍ അത് മൈലമൂട്, ചെറുമഞ്ചല്‍,കണിയാന്‍വിളാകം,ചോതിക്കുഴി, ഈഞ്ചപ്പുരി തുടങ്ങിയ പ്രദേശങ്ങളിലുളളവര്‍ക്ക് ഏറെ പ്രയോജനകരമാകും.ഇപ്പോള്‍ ആറ്റിലൂടെയാണ് കോട്ടയ്ക്കകം ഭാഗത്തേക്ക് എത്തുന്നത്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുമ്പോള്‍ കടത്തുവള്ളമാണ് ആശ്രയം.
ഇല്ലെങ്കില്‍ ആനന്ദേശ്വരം വഴി റോഡുമാര്‍ഗം സഞ്ചരിക്കേണ്ടിവരും.അധികൃതര്‍ ഇടപെട്ട് പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."