എല്‍.ഡി.സി റാങ്ക് ലിസ്റ്റ്: ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ വിഭാഗീയതയുണ്ടാക്കുന്നതായി ആക്ഷേപം
കട്ടപ്പന: ഇടുക്കിയില്‍ എല്‍ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ ഭാഷാപരമായും ജാതീയമായും ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തി.
എല്‍ ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റ് പ്രസദ്ധീകരിക്കുന്നത് കോടതി സ്‌റ്റേ ചെയ്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും പട്ടികജാതി ക്ഷേമസമിതി പീരുമേട് ഏരിയാ വൈസ് പ്രസിഡണ്ട് വി കെ സജി,ഏരിയാ കമ്മറ്റിയംഗം പി ചെല്ലദുരൈ, ഡിവൈഎഫ്‌ഐ പീരുമേട് ബ്ലോക്ക് പ്രസിഡണ്ട് കെ എം പ്രസാദ് എന്നിവര്‍ പറഞ്ഞു.ഒരു വിഭാഗം ഉദ്യോഗാര്‍ഥികള്‍ , തൊടുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തമിഴ് ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.
2017ല്‍ പി എസ് സി നടത്തിയ പരീക്ഷയില്‍ തമിഴ് ചോദ്യപേപ്പറില്‍ 23 ചോദ്യങ്ങള്‍ തെറ്റായ രീതിയിലാണ് മൊഴിമാറ്റിയത്. ഇതില്‍ 17 ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരം കണ്ടെത്താന്‍ കഴിയാത്തതാണ്. ഇക്കാര്യം ഉദ്യോഗാര്‍ത്ഥികള്‍ യഥാസമയം പി എസ് സിയെ അറിയിച്ചു.
ഒപ്പം പി എസ് സി ചെയര്‍മാന്‍, പരീക്ഷാ കമ്മിഷണര്‍ എന്നിവരെ നേരില്‍ കണ്ട് തെറ്റുകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ പരാതി പരിഗണിക്കാമെന്നും വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിക്കാമെന്നും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വിദഗ്ധ സമിതി പരിശോധിച്ച ശേഷം അന്തിമ ഉത്തര സൂചിക പ്രസദ്ധീകരിച്ചപ്പോള്‍ മലയാളം മീഡിയംകാര്‍ ചൂണ്ടിക്കാണിച്ച മൂന്ന് ചോദ്യങ്ങളും തമിഴ് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയ 23ല്‍ രണ്ട് ചോദ്യങ്ങളും മാത്രമെ പിശകുള്ളു എന്നായിരുന്നു കണ്ടെത്തല്‍.
5 ചോദ്യങ്ങള്‍ തമിഴ് മീഡിയത്തില്‍ നിന്നും ഒഴിവാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ കേസ് ഫയല്‍ ചെയ്തത്. കോടതിയുടെ അന്തിമ ഉത്തരവ് വരാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് ഉത്തരവുണ്ടായി.
2017 സെപ്റ്റംബര്‍ 28 മുതല്‍ 2018 മാര്‍ച്ച് 21 വരെ 12 തവണ കോടതി കേസ് പരിഗണിച്ചിട്ടും പിഎസ്‌സിയുടെ ഭാഗത്ത് നിന്നും ഒരു നടപടിയും സ്വീകരിക്കാതെ ഓരോ തവണയും അഭിഭാഷകരെ മാറ്റി. വിദഗ്ധ സമിതിയാണ് തങ്ങളുടെ അന്തിമ വാക്ക് എന്ന രീതിയിലാണ് കോടതിയില്‍ വാദിക്കുന്നത്. സ്‌റ്റേ മാറ്റി കിട്ടാന്‍ യാതൊരു ശ്രമവും നടത്തിയില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
മറ്റൊരു വിദഗ്ധ സമിതിയെക്കൊണ്ട് പരാതികള്‍ പുനപരിശോധിപ്പിക്കാമെന്ന് 2018 ഏപ്രില്‍ 10ന് കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസദ്ധീകരിക്കാനുള്ള സ്‌റ്റേ മേയ് 25 വരെ നീട്ടിയത്. യാഥാര്‍ഥ്യം ഇതായിരിക്കെയാണ് തമിഴ് ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."