എസ്.എസ്.എ ട്രൈബല്‍ ഫെസ്റ്റ് ഇന്ന്
കല്‍പ്പറ്റ: ജില്ലാതല ട്രൈബല്‍ ഫെസ്റ്റ് ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്ന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന ഫെസ്റ്റ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി പങ്കെടുക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഗണ്യമായ വിഭാഗം പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ഗോത്രവിഭാഗങ്ങളായ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി മുതലായവര്‍ക്ക് തനതുകലകളും ജീവിതചര്യകളുമുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, സംഗീതം, നൃത്തം മുതലായവ ഗോത്ര ജനതയുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ സ്‌കൂളിലേക്കുള്ള വരവ്, ഹാജര്‍ നിലനിര്‍ത്തല്‍, വിദ്യാലയത്തോട് ഇഴുകി ചേരല്‍ എന്നിവയെല്ലാം ഗുണപരമായി സ്വാധീനിക്കാന്‍ കഴിയുന്ന ഒരു മേഖല അവരുടെ കലാപോഷണമാണ്. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ മെച്ചപ്പെട്ട സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താനാകും. ഇതിനായി എസ്.എസ്.എ തുടങ്ങുന്ന പദ്ധതിയാണ് ട്രൈബല്‍ ഫെസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."