വരുന്നൂ ബി.എം.ഡബ്ല്യൂ ജി 310 ആര്‍
കറങ്ങുന്ന വിമാന പ്രൊപ്പല്ലറിനെ അനുസ്മരിപ്പിക്കുന്ന വെള്ളയും നീലയും കലര്‍ന്ന ആ ലോഗോ ഒരു കൗതുകത്തിന് വേണ്ടിയെങ്കിലും ഒന്ന് നോക്കാതെ പോകുന്നവര്‍ ചുരുക്കമായിരിക്കും. ബി.എം.ഡബ്ല്യു എന്ന ആ ചുരുക്കപ്പേര് ലോകമെമ്പാടും അത്രമേല്‍ കൗതുകം സമ്മാനിക്കുന്നതാണ്. റോഡുകളെ ത്രസിപ്പിക്കുന്ന ആഡംബരക്കാറുകളില്‍ നമുക്ക് പരിചിതമായ ആ ലോഗോ അടുത്തുതന്നെ നിരത്തിലൂടെ ചീറിപ്പായുന്ന ബൈക്കുകളിലും കാണാം. കാരണം ബി.എം.ഡബ്ല്യുവിന്റെ ഇന്ത്യയിലെ ആദ്യ ബൈക്കായ ജി 310 ആര്‍ അധികം താമസിയാതെ നിരത്തിലിറങ്ങും. മിക്കവാറും ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ ആയിരിക്കും ജി 310 ആര്‍ എത്തുക. അതിനിടെ ഈ ഒക്ടോബറില്‍ ബൈക്ക് നിരത്തിലറങ്ങുമെന്നും ഊഹങ്ങള്‍ പരക്കുന്നുണ്ട്. ഏറ്റവും രസകരമായ വസ്തുത ബി.എം.ഡബ്ല്യു ബൈക്ക് സ്വന്തമാക്കാന്‍ വീടിന്റെ ആധാരമൊന്നും പണയപ്പെടുത്തേണ്ട എന്നതാണ്. കാരണം സാധാരണ ബി. എം.ഡബ്ല്യു ബൈക്ക് പോലെ കേട്ടാല്‍ കണ്ണുതള്ളുന്ന വിലയൊന്നും ജി 310 ആറിനില്ല. ഏകദേശം 1.80 ലക്ഷം മുതല്‍ ആണ് വിലയെന്നാണ് കേള്‍ക്കുന്നത്. കെ. ടി. എം ഡ്യൂക്ക് 390 പോലുള്ളവ സ്വപ്നം കണ്ടുനടക്കുന്നവര്‍ക്ക് ഒരു ബി. എം.ഡബ്ല്യു സ്വന്തമാക്കല്‍ എളുപ്പമായിരിക്കുമെന്നര്‍ത്ഥം.
313 സി. സി ലിക്വിഡ് കൂള്‍ഡ് എഞ്ചിന് 34 ബി. എച്ച്. പിയാണ് കരുത്ത്. 158 കിലോ ഭാരമുള്ള ബൈക്കിന് ഏകദേശം 36 കി. മീ മൈലേജും ലഭിക്കും.പിറകില്‍ മോണോ ഷോക് സസ്‌പെന്‍ഷനും അപ് സൈഡ് ഡൗണ്‍ഫ്രണ്ട് ഫോര്‍ക്കുകളും ജി 310 ആറിന്റെ സവിശേഷതയാണ്.
ബി.എം.ഡബ്ല്യുവിന്റെ മോട്ടോര്‍ സൈക്കിള്‍ ഡിവിഷനായ ബി.എം.ഡബ്ല്യു മോട്ടോറാഡും ഇന്ത്യയിലെ ടി.വി.എസും സംയുക്തമായാണ് ബൈക്ക് ഡിസൈന്‍ ചെയ്തത്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളിലേക്കായി 500 സി.സിയില്‍ താഴെയുള്ള ബൈക്കുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടാണ് ബി.എം.ഡബ്ല്യുവുമായി ടി.വി.എസ് മോട്ടോര്‍ കമ്പനി കൈകോര്‍ത്തിരിക്കുന്നത്. ബി.എം.ഡബ്ല്യുവിന്റെ സാങ്കേതിത സഹായം ഉപയോഗിച്ച് ടി.വി.എസിന്റെ പ്‌ളാന്റില്‍ ആണ് നിര്‍മാണം.
സുരക്ഷയ്ക്കായി എ. ബി. എസ് സംവിധാനവും 300 എം. എം ഡിസ്‌ക് ബ്രേക്കുകളും ഉണ്ട് ബൈക്കിന്. അതിനിടെ, ഈയടുത്ത് ഒരു ജി 310 ആര്‍ ബൈക്ക് ചെന്നൈ - ബംഗളൂരു ഹൈവേയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് കാണാനിടയായിരുന്നു. എ. ബി. എസ് സംവിധാനം ഇല്ലാത്തതായിരുന്നു ആ ബൈക്ക് . ഒരു പക്ഷേ, വില പരമാവധി കുറയ്ക്കാന്‍ വേണ്ടി എ. ബി. എസ് ഇല്ലാത്ത ഒരു മോഡലും വിപണിയിലെത്താന്‍ സാധ്യതയുണ്ടെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. നിര്‍മാണ ചെവല് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പരമാവധി ലോക്കലൈസേഷനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ മോഡല്‍ എന്നതിലുപരി യൂറോപ്പിന് പുറത്ത് നിര്‍മിക്കുന്ന ആദ്യ ബി.എം. ഡബ്‌ള്യു ബൈക്ക് കൂടിയാണ് ജി 310 ആര്‍ എന്ന സവിശേഷതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."