പാലക്കാട് നഗരസഭ: ബി.ജെ.പിക്ക് അടിപതറുന്നു
പാലക്കാട്: നഗരസഭയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും നഷ്ടമായി. മൂന്നിനെതിരേ അഞ്ച് വോട്ടുകള്‍ക്ക് അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു.
ബി.ജെ.പി പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ എം. സുനിലിനെതിരേയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ബി.ജെ.പിക്കും യു.ഡി.എഫിനും മൂന്നംഗങ്ങളും സി.പി.എമ്മിന് രണ്ടംഗങ്ങളുമാണ് സമിതിയിലുണ്ടായിരുന്നത്. യു.ഡി.എഫിനെ സി.പി.എം പിന്തുണച്ചതോടെ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും ബി.ജെ.പിക്ക് തെറിക്കുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്കും വോട്ടെടുപ്പിനും വരണാധികാരിയായ കോഴിക്കോട് മേഖലാ ജോയിന്റ് ഡയരക്ടര്‍ മൃണ്‍മയി നേതൃത്വം നല്‍കി.
യു.ഡി.എഫിലെ കെ. ഭാഗ്യം, കെ. ഭവദാസ്, ബി. സുഭാഷ്, സി.പി.എമ്മിലെ ഉദയകുമാര്‍, അബ്ദുഷുക്കൂര്‍ എന്നിവരാണ് അവിശ്വാസ പ്രമേയത്തില്‍ ഒരുമിച്ച് നിന്നത്. ബി.ജെ.പിക്ക് എം. സുനില്‍, എസ്. ഗംഗ, കെ. പ്രസാദ് എന്നിവരാണ് അംഗങ്ങളായിട്ടുള്ളത്.
കഴിഞ്ഞ ദിവസം ആരോഗ്യ, ക്ഷേമസമിതികളിലേക്ക് അവിശ്വാസ പ്രമേയ ചര്‍ച്ച നടന്നിരുന്നു. ഇതില്‍ സി.പി.എം ഒരു വോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ആരോഗ്യകാര്യ സമിതി ബി.ജെ.പി നിലനിര്‍ത്തിയെങ്കിലും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്ക് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സി.പി.എം യു.ഡി.എഫിനെ പിന്തുണച്ചതോടെ ബി.ജെ.പി പുറത്താകുകയായിരുന്നു. ഇനി വികസനകാര്യസമിതിക്കെതിരായ പ്രമേയ ചര്‍ച്ച ഏഴിന് നടക്കും.
ഒന്‍പത് അംഗ സമിതിയില്‍ ബി.ജെ.പിക്ക് നാലും കോണ്‍ഗ്രസിന് മൂന്നും മുസ്‌ലീം ലീഗിന് ഒന്നും സി.പി.എമ്മിന് ഒന്നുമാണ് കക്ഷിനില. യു.ഡി.എഫും സി.പി.എമ്മും ഇതേ നില തുടരുകയാണെങ്കില്‍ വികസനകാര്യസമിതിയും ബി.ജെ.പിക്ക് നഷ്ടമാകും.
സ്റ്റാന്റിങ് കമ്മിറ്റി സമിതികള്‍ക്കെതിരേ അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് ശേഷം ചെയര്‍മാനെതിരേയും വൈസ് ചെയര്‍മാനെതിരേയും അവിശ്വാസ പ്രമേയം കൊണ്ട് വരാനാണ് യു.ഡി.എഫ് നീക്കം.
നഗരസഭയിലെ കക്ഷിനില ആകെ അംഗങ്ങള്‍ 52, ബി.ജെ.പി 24, യു,ഡി,എഫ് 18, എല്‍,ഡി,എഫ് 9, വെല്‍ഫെയര്‍പാര്‍ട്ടി 1. (മുസ്‌ലിം ലീഗ് വിമതനായി ജയിച്ച കെ. സൈതലവി യു.ഡി.എഫിനോടൊപ്പമാണെങ്കിലും തിരഞ്ഞെടുപ്പുകേസ് നിലവിലുള്ളതിനാല്‍ വോട്ടവകാശമില്ല)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."