ഇന്ത്യയില്‍ രാഷ്ട്രീയ ലാഭത്തിന് മനുഷ്യത്വം ചുട്ടരിക്കപ്പെടുന്നു: ഇ.ടി ബഷീര്‍
കൂറ്റനാട്: രാഷ്ട്രീയത്തിലെ മൂല്യച്യുതിക്കെതിരേ പ്രതികരിക്കാന്‍ യുവാക്കള്‍ പ്രാപ്തരാകണമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. രാഷ്ട്രീയരംഗം വലിയ അപചയങ്ങള്‍ നേരിട്ട്‌കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രം കലാപങ്ങള്‍ ഉണ്ടാക്കുകയാണ്. രാജ്യത്തിനും സമൂഹത്തിനും എന്തുസംഭവിച്ചാലും പ്രശ്‌നമില്ല. രാഷ്ട്രീയലക്ഷ്യം സാക്ഷാത്കരിച്ചാല്‍ മാത്രം മതിയെന്നാണ് ചിലരുടെ ആഗ്രഹം.
രാജ്യത്തിന്റെ പൊതുവിഷയങ്ങളോട് വിശാലമായ സമീപനം സ്വീകരിക്കാന്‍ പോലും അവര്‍ക്കാകുന്നില്ലെന്നും ഇ.ടി പറഞ്ഞു. മുസ്‌ലിംയൂത്ത്‌ലീഗ് ജില്ലാസമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം കൂറ്റനാട് ഉബൈദ് ചങ്ങലീരി നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമുദായക രാഷ്ട്രീയത്തില്‍ അപകടകരമായ അജണ്ട നടക്കുന്നു. പലവിദ അനൈക്യങ്ങളും സമുദായത്തിനകത്തുണ്ടാക്കാന്‍ ശ്രമിക്കുന്നു. സമുദായത്തെ ശിഥിലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതിനെതിരേ ജാഗ്രത പാലിക്കണം.
കേരളത്തിലെ നവോത്ഥാനപോരാട്ടത്തില്‍ മുസ്‌ലിം ലീഗിന്റെ ശ്രമങ്ങള്‍ വളരെ വലുതാണ്. കേരളത്തിലെ വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ മുഴുവന്‍ അംഗീകാരവും മുസ്‌ലിം ലീഗിനുള്ളതാണ്. സാമുദായിക രാഷ്ട്രീയത്തിന്റെ ശക്തി എങ്ങിനെ സാധിച്ചെടുത്തു എന്ന് പഠിക്കാന്‍ പലരും കേരളത്തിലേക്ക് വരുന്നു. കേരളത്തില്‍ നീതി നിഷേധിക്കപ്പെട്ട എല്ലാവരോടും നീതി ചെയ്ത പാര്‍ട്ടിയാണ് ലീഗ്. ന്യൂനപക്ഷത്തിന് കാലങ്ങളായി നിഷേധിക്കുപ്പെട്ട നീതി കൊടുത്ത് തുല്യത വരുത്തി. മുസ്‌ലിം രാഷ്ട്രീയത്തിലെ ദിശാബോധം നല്‍കി. ജനപഥ കര്‍മവീഥിയെ പലവഴികളിലേക്ക് തിരിച്ചുവിട്ട് സാമുദായിക ഐക്യം ശിഥിലമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു.
ലീഗിനെതിരായ എതിര്‍പ്പുകളൊന്നും ഫലിച്ചിട്ടില്ല. എതിരാളികള്‍ ക്ഷീണിച്ചിട്ടെയുള്ളു. ലീഗിനെ ക്ഷീണിപ്പിക്കാനാകില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സി.എ സാജിത് അധ്യക്ഷനായി. ഗഫൂര്‍ കോല്‍ക്കളത്തില്‍ സ്വാഗതം പറഞ്ഞു. സി.എ.എം.എ കരീം, മരക്കാര്‍ മാരായമംഗലം, എം.എ സമദ്, യു. ഹൈദ്രോസ്, പി.പി അന്‍വര്‍ സാദത്ത്, അഡ്വ. കെ.സി സല്‍മാന്‍, കെ.എം സ്വാലിഹ ടീച്ചര്‍, വി.കെ.എം ഷാഫി, ഷാനവാസ് വെട്ടത്തൂര്‍, ബി.എസ് മുസ്തഫ തങ്ങള്‍, മുജീബ് മല്ലിയില്‍, വി.പി ഫാറൂഖ്, സക്കരിയ കൊടുമുണ്ട, കെ.പി.എം സലിം, എ.എം അലി അസ്ഗര്‍, മാടാല മുഹമ്മദലി, സൈദ് മീരാന്‍ ബാബു പ്രസംഗിച്ചു. ഇഖ്ബാല്‍ പുതുനഗരം നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."