വെല്‍ഡന്‍ വെയ്ല്‍സ്
പാരിസ്: യൂറോ കപ്പില്‍ നിര്‍ണായക പോരിനിറങ്ങിയ വെയ്ല്‍സ് മാന്ത്രിക പ്രകടനത്തിലൂടെ പ്രീ ക്വാര്‍ട്ടറിലെത്തി. എതിരാളികളായ റഷ്യയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് വെയ്ല്‍സ് ഗ്രൂപ്പ് ചാംപ്യന്‍മാരായി നോക്കൗട്ട് റൗണ്ടില്‍ കടന്നത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ആറു പോയിന്റോടെ വമ്പന്‍മാരായ ഇംഗ്ലണ്ടിനെ മറികടന്ന് ജേതാക്കളാവാനും വെയ്ല്‍സിന് സാധിച്ചു.
ഇംഗ്ലണ്ടിനെതിരേ അപ്രതീക്ഷിതമായി വഴങ്ങിയ തോല്‍വിയുമായിട്ടിറങ്ങിയ വെയ്ല്‍സ് പക്ഷേ കളിയുടെ എല്ലാ മേഖലയിലും റഷ്യയെ പിന്തള്ളുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. 2004ലെ യൂറോ യോഗ്യതാ മത്സരത്തില്‍ റഷ്യയോട് തോറ്റതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു ടീമിനിത്. മത്സരത്തില്‍ ഹാല്‍ റോബ്‌സന്‍ കാനുവിന് പകരം സാം വോക്‌സിനെ ഉള്‍പ്പെടുത്താനുള്ള വെയ്ല്‍സ് കോച്ച് ക്രിസ് കോള്‍മാന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു തുടക്കം മുതല്‍ ടീം പുറത്തെടുത്തത്. ഗരത് ബെയ്ല്‍, ആരോണ്‍ റാംസി എന്നിവരായിരുന്നു വെയ്ല്‍സിന്റെ മുന്നേറ്റങ്ങളെ നയിച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്നു വ്യത്യസ്തമായി പ്ലേമേക്കറുടെ റോളിലാണ് ബെയ്ല്‍ റഷ്യക്കെതിരേ കളിച്ചത്. ഗോളവസരം ഒരുക്കികൊടുക്കുന്നതില്‍ താരം വിജയിക്കുന്നതാണ് മത്സരത്തിലുടനീളം കണ്ടത്.
തുടക്കം മുതല്‍ റഷ്യന്‍ പ്രതിരോധത്തിന് ഭീഷണിയുയര്‍ത്താന്‍ വെയ്ല്‍സിന് സാധിച്ചു. 11ാം മിനുട്ടില്‍ ടീം അക്കൗണ്ട് തുറന്നു. റഷ്യയുടെ പാസിലെ പിഴവ ് മുതലെടുത്ത് മുന്നേറിയ ജോ അലന്‍ നല്‍കിയ പാസില്‍ നിന്ന് റാംസി ലക്ഷ്യം കാണുകയായിരുന്നു. നാലു പ്രതിരോധ താരങ്ങളെ വെട്ടിച്ചായിരുന്നു അലന്റെ പാസ്. ഗോള്‍ വഴങ്ങിയതോടെ റഷ്യ പ്രതിരോധത്തിലേക്ക് ഇറങ്ങി. എന്നാല്‍ വെയ്ല്‍സ് നിരന്തരം മുന്നേറ്റങ്ങള്‍ നടത്തി. 20ാം മിനുട്ടില്‍ വെയ്ല്‍സ് ലീഡുയര്‍ത്തി. ബെയ്ല്‍ നല്‍കിയ മികച്ചൊരു പാസ് മുതലെടുത്ത് നീല്‍ ടെയ്‌ലര്‍ ഷോട്ടുതിര്‍ത്തെങ്കിലും റഷ്യന്‍ ഗോളി അക്കിന്‍ഫീവ് തടുത്തിട്ടു. എന്നാല്‍ റീബൗണ്ടില്‍ താരം ലക്ഷ്യം കാണുകയായിരുന്നു. ടെയ്‌ലറുടെ ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇത്.
ആദ്യ പകുതി അവസാനിക്കാനിരിക്കെ സെര്‍ജി ഇഗ്നാഷോവിക് ബെയ്‌ലിനെ വീഴ്ത്തിയതിന് പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല. തൊട്ടുപിന്നാലെ വോക്‌സിന് ലഭിച്ച സുവര്‍ണാവസരം അക്കീന്‍ഫീവ് സേവ് ചെയ്തു. രണ്ടാം പകുതിയില്‍ കൂടുതല്‍ മികവ് പ്രകടിപ്പിച്ച വെയ്ല്‍സ് അക്കീന്‍ഫീവിനെ നിരന്തരം പരീക്ഷിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല.
52ാം മിനുട്ടില്‍ നായകന്‍ ഷിറോക്കോവിനെ റഷ്യന്‍ പിന്‍വലിച്ചെങ്കിലും പ്രകടനത്തില്‍ മാറ്റം വന്നില്ല. 67ാം മിനുട്ടില്‍ റാംസി നല്‍കിയ പാസില്‍ ബെയ്ല്‍ ടീമിന്റെ മൂന്നാം ഗോളും നേടി. യൂറോ കപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും സ്‌കോര്‍ ചെയ്യുന്ന താരം എന്ന ബഹുമതിയും മത്സരത്തില്‍ ബെയ്‌ലിന് ലഭിച്ചു. 2004ല്‍ മിലന്‍ ബാരോസും റൂഡ് വാന്‍ നിസ്റ്റല്‍ റൂയിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് ബെയ്ല്‍. ടൂര്‍ണമെന്റിലെ ഗോള്‍ നേട്ടം മൂന്നാക്കി ഉയര്‍ത്തിയ ബെയ്ല്‍ ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."