പൊതുമേഖലാ സ്ഥാപനങ്ങളെ ഉടച്ചുവാര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഉടച്ചുവാര്‍ക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാരിനു വരുത്തുന്ന ബാധ്യതകള്‍ വിലയിരുത്തുന്നതിനും അവയെ ലാഭകരമാക്കുന്നതിനുമുള്ള ഒരു പദ്ധതി ബജറ്റില്‍ അവതരിപ്പിക്കുന്നതിന് വ്യവസായ വകുപ്പ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ പങ്കാളിത്തത്തോടെ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടുള്ള പദ്ധതിക്കാണ് രൂപംനല്‍കിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 2,030.50 കോടിയില്‍ എത്തിയിരുന്നു.
2013-14ല്‍ 717.03 കോടി ആയിരുന്നതില്‍നിന്നാണ് നഷ്ടക്കണക്ക് ഇത്തരത്തില്‍ വന്‍തോതില്‍ വര്‍ധിച്ചത്. 2012-13ല്‍ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ 45 ആയിരുന്നത് കഴിഞ്ഞ വര്‍ഷം 44 ആയി കുറഞ്ഞു.
അതേസമയം 46 സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തികയുമാണ്. മുന്‍വര്‍ഷത്തില്‍ ലാഭത്തിലായിരുന്ന മാരിടൈം കോര്‍പറേഷന്‍, ഹോര്‍ട്ടി കള്‍ച്ചറല്‍ കോര്‍പറേഷന്‍, ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, ട്രാസ്‌ഫോമേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തി. ഇതുപോലെതന്നെ ഏഴ് സ്ഥാപനങ്ങള്‍ നഷ്ടത്തില്‍നിന്നും ലാഭത്തിലേക്കു പോകുകയും ചെയ്തിരുന്നു.
ഇക്കാര്യങ്ങളെല്ലാം വ്യവസായ വകുപ്പ് വിശകലനത്തിനു വിധേയമാക്കിയിട്ടുണ്ട്. സ്ഥിരമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതും സ്ഥിരമായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും ലാഭവും നഷ്ടവും മാറിമാറി വരുന്ന സ്ഥാപനങ്ങള്‍ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചുള്ള നവീകരണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം വര്‍ധിപ്പിക്കാനും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയെ നഷ്ടത്തില്‍നിന്നു കരകയറ്റി പ്രവര്‍ത്തനത്തിനുള്ള പണമെങ്കിലും കണ്ടെത്തുന്ന തരത്തിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ചില പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാല് പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാരെ ഇടത് സര്‍ക്കാര്‍ മാറ്റി പ്രതിഷ്ഠിച്ചുകഴിഞ്ഞു. വരും ദിവസങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ വരും. ഇതിനൊപ്പമായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പുതിയ പദ്ധതികള്‍കൂടി പ്രഖ്യാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."