സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലെന്ന് റിപ്പോര്‍ട്ട്. ദേശീയ പഠനഗവേഷണ കൗണ്‍സിലിന്റെ (എന്‍.സി.ഇ.ആര്‍.ടി) നേതൃത്വത്തില്‍ നടത്തിയ നാസ് സര്‍വേയിലാണ് (നാഷനല്‍ അച്ചീവ്‌മെന്റ് സര്‍വേ) ഇതുസംബന്ധിച്ച കണ്ടെത്തല്‍. നാസ് ഇന്ത്യയൊട്ടാകെ നടത്തിയ പഠനത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പഠനനിലവാരം ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികളുടെ പഠനപുരോഗതിയാണ് നാസ് പഠനത്തിന് വിധേയമാക്കിയത്. ഈ ക്ലാസുകളിലെ മാതൃഭാഷാ, ഗണിതം. സോഷ്യല്‍ സയന്‍സ്, സയന്‍സ് വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. എട്ടാംക്ലാസിലെ സയന്‍സ് അഞ്ചാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് എന്നീ രണ്ടുവിഷയങ്ങളില്‍ മാത്രമാണ് കേരളം അല്‍പ്പം പിറകില്‍ നില്‍ക്കുന്നത്. ബാക്കി എല്ലാ മേഖലകളിലും കേരളത്തിലെ കുട്ടികള്‍ വളരെ മുന്നിലെന്നാണ് സര്‍വേഫലം വ്യക്തമാക്കുന്നത്.
ഇത്തവണത്തെ എസ്.എസ്.എല്‍.സി ഫലവും ഈ പഠനത്തെ ശരിവയ്ക്കുന്നതാണ്. പരീക്ഷാ വിജയശതമാനം ഉയര്‍ന്നതും എ. പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഇതിനോട് കൂട്ടിവായിക്കാം. എസ്.എസ്.എല്‍.സിയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ മിന്നുന്ന വിജയമാണ് ഇക്കുറി നേടിയത്.
507 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് നൂറുമേനി വിജയം കൊയ്തത്. മുന്‍വര്‍ഷം 405 വിദ്യാലയങ്ങളുടെ സ്ഥാനത്താണ് വന്‍കുതിപ്പ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തില്‍ നൂറുമേനി കൊയ്യാന്‍ ഇത്തവണ 112 സര്‍ക്കാര്‍ വിദ്യാലയങ്ങളെ പ്രാപ്തമാക്കാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമായ നേട്ടമായി.
എയ്ഡഡ് മേഖലയിലും കുതിപ്പ് പ്രകടമായിരുന്നു. മുന്‍വര്‍ഷത്തെക്കാള്‍ 235 വിദ്യാലയങ്ങളാണ് മുഴുവന്‍ വിദ്യാര്‍ഥികളെയും ഉന്നത പഠനത്തിന് യോഗ്യരാക്കിയത്. ആകെ 659 വിദ്യാലയങ്ങളാണ് എയ്ഡഡ് മേഖലയില്‍ നൂറുമേനി കൊയ്തത്.
മുന്‍വര്‍ഷം 424 വിദ്യാലയങ്ങളാണുണ്ടായിരുന്നത്്. അണ്‍എയ്ഡഡില്‍ 345 വിദ്യാലയങ്ങള്‍ കഴിഞ്ഞ തവണ നൂറുമേനി നേടിയപ്പോള്‍ ഇക്കുറി 389 ആയി. ആകെ 1565 വിദ്യാലയങ്ങളാണ് മുഴുവന്‍ വിദ്യാര്‍ഥികളെയും ഉപരിപഠനത്തിന് ഇത്തവണ യോഗ്യരാക്കിയത്. കഴിഞ്ഞ തവണ ഇത് 1147 ആയിരുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഗുണപരമായ മാറ്റങ്ങളുടെ തെളിവാണിത്. പൊതുവിദ്യാലയങ്ങളില്‍ വലിയ പ്രതിസന്ധികളില്ലാതെയാണ് കഴിഞ്ഞ അധ്യയന വര്‍ഷം കടന്നുപോയത്.
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളും സൗജന്യയൂനിഫോമും ഒരു മാസം മുമ്പ് തന്നെ വിതരണം ചെയ്യാന്‍ കഴിഞ്ഞതും വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമാണ്.
കഴിഞ്ഞ അധ്യയനവര്‍ഷാരംഭത്തില്‍ ഒന്നരലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയത്തില്‍ പുതുതായി വന്നു ചേര്‍ന്നത്. ഈ അവധിക്കാലത്ത് മികവുത്സവം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സ്‌കൂളുകള്‍ സംഘടിപ്പിക്കുകയുണ്ടായി. കൂടുതല്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ ഉപകരിക്കും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. അതില്‍ 25,000 ത്തോളം ക്ലാസ് മുറികള്‍ ഈ അവധിക്കാലത്ത് തന്നെ ഹൈടെക്കാക്കി കഴിഞ്ഞു.
ഇതിന്റെ ഭാഗമായി അധ്യാപകരുടെ പരിശീലനങ്ങളും നടന്നുവരുന്നു. പൊതുവെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."