മലയോര മേഖലയിലെ അനധികൃത ക്വാറികള്‍ തെളിനീരിന്റെ ഉറവിടം നശിപ്പിക്കുന്നു
നാദാപുരം: അനിയന്ത്രിതമായി പെരുകുന്ന കരിങ്കല്‍ ക്വാറികള്‍ ഗ്രാമീണ ശുദ്ധജല സമ്പത്തിന്റെ ഉറവിടം നശിപ്പിക്കുന്നു. മലമുകളിലെ കൂറ്റന്‍ പാറകള്‍ക്കുള്ളില്‍ സംഭരിക്കുന്ന മഴവെള്ളമാണ് നീരുറവകളായി അരുവികളായും തോടുകളായും താഴ്ഭാഗങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. മലമുകളില്‍ വന്‍തോതില്‍ കരിങ്കല്‍ ഖനനം ആരംഭിച്ചതോടെ ജലസംഭരണികളായ പാറകള്‍ മുഴുവന്‍ ഇല്ലാതാവുകയാണ്.
ഇതേത്തുടര്‍ന്ന് കാട്ടുചോലകളായി ഒലിച്ചിറങ്ങുകയും പുഴകളുടെ തുടക്കം കുറിക്കുകയും ചെയ്തിരുന്ന പരമ്പരാഗത നീരുറവകള്‍ വനാന്തര്‍ഭാഗത്തു നിന്ന് അപ്രത്യക്ഷമാവുകയാണ്. ഇതു പുഴകളുടെ സ്വാഭാവിക മരണത്തിലേക്കാണ് നയിക്കുന്നത്.
വനമേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ അടക്കമുള്ള ഗോത്രസമൂഹങ്ങള്‍ ഇത്തരം ജല സ്രോതസുകളെ ആശ്രയിച്ചാണ് കഴിയുന്നത്. പുഴകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ വെള്ളം കുറയുന്നത് നീരൊഴുക്കിനെ കാര്യമായി ബാധിക്കുകയും പുഴകളില്‍ ജലവിതാനം ഗണ്യമായി താഴുകയും ചെയ്യുന്നുണ്ട്.
കണ്ണവം ഫോറസ്റ്റിന്റെ ഭാഗമായ കോഴിക്കോട്-കണ്ണൂര്‍ ജില്ലാ അതിര്‍ത്തിക്കുള്ളിലെ തൃപ്രങ്ങോട്ടൂര്‍, ചെക്യാട്, വളയം, വാണിമേല്‍ പഞ്ചായത്തുകളില്‍ അനധികൃതമായി നിരവധി ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തില്‍ മാത്രം 160ല്‍പരം പാറമടകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായാണ് പഞ്ചായത്തിന്റെ കണക്ക്. മലയുടെ അടിവാരം മുതല്‍ മലയുടെ മുകള്‍ഭാഗം വരെ പൂര്‍ണമായും ഇടിച്ചുനിരപ്പാക്കിയാണ് ഖനന പ്രവര്‍ത്തനം നടക്കുന്നത്.
ഇതേത്തുടര്‍ന്ന് പൊയിലൂരില്‍ നിന്നു മുണ്ടത്തോട്ടിലേക്കു വന്നുചേരുന്ന ചെറിയ തോടുകള്‍ വര്‍ഷങ്ങളായി വറ്റിവരണ്ടണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇവിടെയുള്ള പാറകള്‍ ഉപയോഗിച്ച് കടലോരത്തു മൂന്നു ഭീമന്‍ പ്രോജക്ടുകളാണ് നടന്നുവരുന്നത്. തലശ്ശേരി ഹാര്‍ബര്‍, ചോമ്പാല്‍ ഹാര്‍ബര്‍, വടകരയിലെ കടല്‍ഭിത്തി നിര്‍മാണം എന്നിവയുടെ പരിഷ്‌കരണത്തിനാവശ്യമായ ടണ്‍കണക്കിന് കരിങ്കല്ലുകള്‍ ഈ മലയോരത്തു നിന്നുമാണ് എത്തിക്കുന്നത്. പ്രത്യേക യന്ത്രം ഉപയോഗിച്ച് പൊട്ടിച്ചെടുക്കുന്ന കൂറ്റന്‍ കല്ലുകള്‍ക്ക് തൂക്കത്തിനാണ് വില നിശ്ചയിക്കുന്നത്.
ജനവാസം കുറഞ്ഞ ഇവിടങ്ങളില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയാണ് വിദൂരങ്ങളില്‍ നിന്നുള്ള ക്വാറി മാഫിയകള്‍ പരിസ്ഥിതിയെ തകര്‍ക്കുന്ന ഇടപെടലുകള്‍ നടത്തുന്നത്. നേരത്തെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഈ പ്രദേശങ്ങളെല്ലാം പ്രത്യേക സംരക്ഷണ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."