കൊട്ടിയൂര്‍ പീഡനക്കേസ്: വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു
ന്യൂഡല്‍ഹി: കൊട്ടിയൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിംകോടതി. രണ്ടു കന്യാസ്ത്രീകള്‍ അടക്കം മൂന്നുപേര്‍ നല്‍കിയ ഹരജിയിലാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്.
ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടിസ് അയച്ചു. കൊട്ടിയൂര്‍ പീഡനക്കേസിന്റെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാംപ്രതിയായ ടെസി തോമസ്, നാലാംപ്രതി ഡോക്ടര്‍ ഹൈദരലി, അഞ്ചാംപ്രതി സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
പീഡനത്തിനിരയായ കുട്ടികളെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്ററുമാണ് ഇവര്‍. ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ വിചാരണ സ്റ്റേ ചെയ്യണമെന്നാണ് ഇവര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ ആവശ്യം തള്ളിയ ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച്, സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു.
ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന് അറിഞ്ഞിട്ടും ഈ വിവരം പൊലിസില്‍ അറിയിച്ചില്ലെന്നാണ് മൂന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ക്കെതിരായ കുറ്റം. ഈ കേസിലെ ഒമ്പതാം പ്രതി ഫാദര്‍ തോമസ് തേരകം, പത്താം പ്രതി സിസ്റ്റര്‍ ബെറ്റി എന്നിവര്‍ നല്‍കിയ ഹരജികള്‍ക്കൊപ്പം ഇവരുടെ ഹരജികള്‍ പരിഗണിക്കും.
കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നതാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."