നീതിയുടെ പേരില്‍ നടക്കുന്ന ക്രൂരമായ കൊലപാതകമാണ് വധശിക്ഷ: നിര്‍ഭയ കേസിലെ പ്രതികള്‍
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഓടുന്ന ബസില്‍ കൂട്ട മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയ കേസിലെ പ്രതികള്‍ വധ ശിക്ഷക്കെതിരേ നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി ഇന്നലെ വാദം കേട്ടു. കേസിലെ നാലു പ്രതികളില്‍ വിനയ് കുമാര്‍, പവന്‍ കുമാര്‍ എന്നിവരുടെ വാദങ്ങളാണ് ഇന്നലെ കോടതിയില്‍ ആരംഭിച്ചത്.
പ്രതികള്‍ പാവപ്പെട്ട കുടുംബങ്ങളിലെ യുവാക്കാളാണെന്നും കുറ്റകൃത്യം ശീലമാക്കിയവരല്ലെന്നും ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അതിനാല്‍ കോടതി അവരെ മാനസാന്തരപ്പെടാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ എ.പി സിങ് ആവശ്യപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വധ ശിക്ഷ നിര്‍ത്തലാക്കിയിട്ടുണ്ടെന്നും നീതിയുടെ പേരില്‍ നടക്കുന്ന കൊലപാതകമാണ് വധ ശിക്ഷയെന്നും അദ്ദേഹം വാദിച്ചു.
വധ ശിക്ഷ നടപ്പിലാക്കുന്നതിലൂടെ ക്രിമിനലുകളെയാണ് കൊല്ലുന്നത്, കുറ്റകൃത്യങ്ങളെയല്ല. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ തന്റെ കക്ഷികള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു. പ്രതികളുടെ വാദത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. എന്നാല്‍ നിയമപരമായി വധ ശിക്ഷ നിലവിലുണ്ടെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നിര്‍ഭയയുടെ മരണ മൊഴിയില്‍ തെറ്റുകളുണ്ടായിരുന്നുവെന്നും കുറ്റാരോപിതരുടെ പേരുകള്‍ അവര്‍ വ്യക്തമാക്കിയിട്ടില്ലെന്നുമാണ് പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചത്. 2012 ഡിസംബര്‍ 16നാണ് ഓടുന്ന ബസില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥി കൂട്ടമാനഭംഗത്തിനിരയായി 16 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം മരിച്ചത്. ഒരു കുട്ടി കുറ്റവാളിയടക്കം ആറു പേരാണ് കേസില്‍ പ്രതികളായിരുന്നത്. ബസ് ഡ്രൈവറായിരുന്ന രാം സിങ് ജയിലില്‍ ആത്മഹത്യ ചെയ്തു. 18 തികയാത്ത കുട്ടി കുറ്റവാളിയെ ജുവനൈല്‍ ഹോമിലടച്ചു. പ്രതികളെയെല്ലാം തൂക്കികൊല്ലണമെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."