ഇന്ന് തദ്ദേശീയ പക്ഷിദിനം
പൊന്നാനി: ഇന്ന് തദ്ദേശീയ പക്ഷിദിനം. പക്ഷിനിരീക്ഷകര്‍ക്കും പക്ഷി ശാസ്ത്രജ്ഞര്‍ക്കും ഏറെ പ്രിയപ്പെട്ട ദിവസങ്ങളിലൊന്ന്. ആഗോള ഗ്ലോബല്‍ ബിഗ് ഡെയുടെ ഭാഗമായാണ് ഇന്ത്യയില്‍ ഇതേദിവസം തദ്ദേശീയ പക്ഷി ദിനമായി പക്ഷിനിരീക്ഷകര്‍ പരിഗണിക്കുന്നത്. ഗ്ലോബല്‍ ബിഗ് ഡെയോടനുബന്ധിച്ച് 'ബേഡ് കൗണ്ട് ഇന്ത്യ'യും മറ്റു പക്ഷിനിരീക്ഷണ സംഘടനകളും ചേര്‍ന്ന് ഇന്ന് ഏകദിന പക്ഷിനിരീക്ഷണ-ഡോക്യുമെന്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്. 'എന്റമിക്ക് ബേഡ് ഡെ' എന്നാണ് പക്ഷിനിരീക്ഷകര്‍ ഇതിന് പേരിട്ടിരിക്കുന്നത്.
24 മണിക്കൂര്‍ കൊണ്ട് പരമാവധി ആവാസ വ്യവസ്ഥകളില്‍ സഞ്ചരിച്ച് നിരീക്ഷിച്ച് ചെക്ക് ലിസ്റ്റുകളും വിവരങ്ങളും ശേഖരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. തുടര്‍ന്ന് വിവരങ്ങള്‍ ഇ-ബേഡിലേക്ക് ചേര്‍ക്കുകയാണ് ചെയ്യുക.
മേയ് മാസമാകുന്നതോടെ ദേശാടനപ്പക്ഷികളും അവരുടെ ദേശാടനക്കാലം മതിയാക്കി പ്രജനന പ്രദേശങ്ങളിലേക്ക് യാത്രയായി തുടങ്ങിയിട്ടുണ്ടാവുമെന്നതിനാല്‍ അഗോളതലത്തിലെ ബിഗ് ഡെ ക്യാമ്പയിന്‍ ഇന്ത്യയില്‍ ഉദ്ദേശിക്കുന്ന ഫലം ചെയ്യില്ല എന്നതുകൊണ്ടാണ് കേരളത്തില്‍ മാത്രം കാണപ്പെടുന്ന തദ്ദേശീയ പക്ഷിഗണങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രേഖപ്പെടുത്താനും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും മറ്റും നിരീക്ഷിയ്ക്കാനുമായി ഈ ദിനം തിരഞ്ഞെടുത്തതെന്ന് ബേഡ് കൗണ്ട് ഓഫ് ഇന്ത്യ പറയുന്നു. പക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും അത് വര്‍ഷാവര്‍ഷങ്ങളില്‍ രേഖപ്പെടുത്തുന്നതിന്റെയും കുറവ് നികത്തുന്നതിന് വേണ്ടിയിട്ടാണ് ഒട്ടനവധി പക്ഷിനിരീക്ഷണ കൂട്ടായ്മകളുടേയും വ്യക്തികളുടേയും നേതൃത്വത്തില്‍ 'എന്റമിക് ബേഡ് ഡേ' സംഘടിപ്പിക്കുന്നത്.
ദക്ഷിണേഷ്യയിലെ എന്റമിക്ക് ആയ 225 ഇനം പക്ഷികളില്‍ നൂറോളം പക്ഷികള്‍ കേരളത്തിലാണ് കാണപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ ഇടതൂര്‍ന്ന നിത്യഹരിതവനങ്ങളും മറ്റ് ആവാസകേന്ദ്രങ്ങളുമാണ് കേരളത്തില്‍ ഇത്രയും തദ്ദേശീയ പക്ഷി ഇനങ്ങളുടെ സാന്നിധ്യത്തിനു കാരണം. 2017 മെയ് 5 ന് നടത്തിയ സര്‍വേയില്‍ നൂറോളം പക്ഷിനിരീക്ഷകര്‍ ആയിരത്തോളം പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ- ബേഡില്‍ ചേര്‍ത്തിരുന്നു. നീലഗിരി മരപ്രാവ്, നീലത്തത്ത, കോഴിവേഴാമ്പല്‍, മലവരമ്പന്‍, ചാരത്തലയന്‍ ബുള്‍ബുള്‍, ചെമ്പുവയറന്‍ ചോലക്കിളി, വയനാടന്‍ ചിലപ്പന്‍, നീലഗിരി ചിലു ചിലപ്പന്‍ എന്നിവയുള്‍പ്പെടെ നൂറോളം പക്ഷികളെ കേരളത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."