അവാര്‍ഡ് ബഹിഷ്‌കരിച്ച താരങ്ങള്‍ക്കെതിരേ ജോയ് മാത്യു
കോഴിക്കോട്: കത്‌വയില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതില്‍ പ്രതിഷേധിച്ചാണ് താരങ്ങള്‍ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചതെങ്കില്‍ അതിന് അഗ്നി ശോഭയുണ്ടാകുമായിരുന്നുവെന്നും അവാര്‍ഡിനുവേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കൈയില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണെന്നും നടനും സംവിധായകനുമായ ജോയ് മാത്യു.
ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച താരങ്ങളുടെ നടപടിക്കെതിരേ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ജോയ്മാത്യു പ്രതിഷേധം രേഖപ്പെടുത്തിയത്. അവാര്‍ഡ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. ആത്യന്തികമായ തീരുമാനവും ഗവണ്‍മെന്റിനായിരിക്കും. വിയോജിപ്പുള്ളവര്‍ സൃഷ്ടികള്‍ അവാര്‍ഡിന് സമര്‍പ്പിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.
അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കുറിപ്പില്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."