കര്‍ണാടക: ജനാര്‍ദ്ദന റെഡ്ഢിക്ക് ബെള്ളാരിയില്‍ പ്രവേശനമില്ല
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിക്കെ ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പി നേതാവും ഖനിരാജാവുമായ ജനാര്‍ദ്ദന റെഡ്ഢി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബെള്ളാരിയില്‍ പ്രചാരണത്തിനിറങ്ങാന്‍ പാടില്ലെന്ന് സുപ്രിം കോടതി. ഖനി അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചത്.
2016ല്‍ ജയിലില്‍ അടച്ച ജനാര്‍ദ്ദന റെഡ്ഡി മൂന്നരവര്‍ഷത്തോളം തടവിലായിരുന്നു.സഹോദരന്‍ സോമശേഖര്‍ റെഡ്ഢിക്ക് വേണ്ടിയോ സുഹൃത്ത് ശ്രീരാമലുവിന് വേണ്ടിയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ ഈ സാഹചര്യത്തില്‍ റെഡ്ഢിക്ക് കഴിയില്ല.ബെള്ളാരിയില്‍ നിന്ന് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥിയും സഹോദരനുമായ സോമശേഖര്‍ റെഡ്ഢിക്ക് വേണ്ടി പ്രചാരണം നടത്താന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ജനാര്‍ദ്ദന റെഡ്ഡി തന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. വ്യാപകമായി ഇരുമ്പയിര് നിക്ഷേപമുള്ള ബെള്ളാരിയില്‍ നിന്ന് വന്‍തോതിലാണ് റെഡ്ഢി അഴിമതി നടത്തിയിട്ടുള്ളത്. റെഡ്ഢി സഹോദരന്മാര്‍ , എം.എല്‍.എമാര്‍, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തിലിരിക്കെ അനധികൃത ഖനനം നടത്തിയത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ബെള്ളാരിയില്‍ റെഡ്ഢി സഹോദരന്മാര്‍ക്കൊപ്പം വേദി പങ്കിട്ടിരുന്നു.ബി.ജെ.പി റെഡ്ഢി സഹോദരന്മാരെ സംരക്ഷിക്കുന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരേ രംഗത്തെത്തിയിരുന്നു. ഗലി സോമശേഖര റെഡ്ഢിയെയും കരുണാകര റെഡ്ഢിയെയും ബി.ജെ.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരേ രംഗത്തെത്തിയത്. ബെള്ളാരിക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് റെഡ്ഢിക്ക് നിയന്ത്രണങ്ങള്‍ ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."