ബാക്കിക്കയത്ത് വെള്ളമില്ല കുടിവെള്ള വിതരണം മുടങ്ങും
തിരൂരങ്ങാടി: പുഴയില്‍ വെള്ളമില്ല; ബാക്കിക്കയം പമ്പ് ഹൗസിലെ കുടിവെള്ളവിതരണം മുടങ്ങും. ജനം ആശങ്കയില്‍. കക്കാട് കരുമ്പില്‍ ബാക്കിക്കയം കടലുണ്ടിപ്പുഴയിലാണ് വരള്‍ച്ചയുടെ തീക്ഷ്ണത അനുഭവപ്പെട്ടത്. പുഴയില്‍നിന്നു പമ്പ് ഹൗസിന്റെ കിണറിലേക്കുള്ള നീരൊഴുക്ക് പാടെ കുറഞ്ഞിട്ടുണ്ട്. ഇതോടെ കക്കാട്, കരുമ്പില്‍, ചുള്ളിപ്പാറ, കക്കാട് ചെറുമുക്ക് റോഡ്, കാച്ചടി, വെന്നിയൂര്‍, വെന്നിയൂര്‍ സോമില്‍ പരിസരം എന്നിവിടങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകും.
ഈപ്രദേശങ്ങളിലെ മുവായിരത്തിലധികം കുടുംബങ്ങളാണ് ബാക്കിക്കയം പദ്ധതിയെ ആശ്രയിച്ചുകഴിയുന്നത്. പ്രതിദിനം പതിനെട്ട് മണിക്കൂര്‍ വെള്ളം പമ്പ് ചെയ്തിരുന്നു. എന്നാല്‍ത്തന്നെ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ഓരോ പ്രദേശങ്ങളിലും വെള്ളം ലഭിച്ചിരുന്നത്. തെന്നല പഞ്ചായത്തിലെ മള്‍ട്ടി ജി.പി കുടിവെള്ളപദ്ധതിയുടെ പ്രവൃത്തിക്കുവേണ്ടി പുഴയില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണയാണ് ഇതുവരെ ആശ്വാസമായിരുന്നത്. എന്നാല്‍ പുഴയിലെ ജലവിതാനം പ്രതീക്ഷകള്‍ തെറ്റിച്ച് താഴ്ന്നുകൊണ്ടിരിക്കുകയാണ്.
പമ്പിങ് ഭാഗികമാക്കുന്നതോടെ ജലവിതരണം ഇനി ഓരോ മണിക്കൂര്‍ ഇടവിട്ട് കാത്തിരുന്ന ശേഷം മൂന്നുമണിക്കൂര്‍വീതം മാത്രമേ നടക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്. വരള്‍ച്ചയുടെ കാഠിന്യം അനുസരിച്ച് ദിവസങ്ങളുടെ എണ്ണം വര്‍ധിക്കും.
ഒരുമാസത്തിനകം കുടിവെള്ളവിതരണം പൂര്‍ണമായും നിലയ്ക്കുമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു.
ജലവിതരണം തടസപ്പെടുന്നത് ഉയര്‍ന്ന പ്രദേശങ്ങളായ ചുള്ളിപ്പാറ, വെന്നിയൂര്‍, കക്കാട് എന്‍.എസ്.എസ് കൊളക്കാട് റോഡ് പ്രദേശങ്ങളെയാണ് ആദ്യം ബാധിക്കുക. ഇവിടെ ഇനി കുടിവെള്ളം ലഭിക്കില്ല. പ്രദേശങ്ങളിലും കുടിവെള്ളവിതരണം ക്രമേണ നിശ്ചലമാകും. ചുള്ളിപ്പാറയിലെ പാവുട്ടിചിറയില്‍ കുടിവെള്ള പദ്ധതി കൊണ്ടുവരുന്നപക്ഷം പരിസരപ്രദേശങ്ങളിലെ ജലക്ഷാമത്തിന് കാര്യമായ പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."