സദാചാര ഗുണ്ടായിസത്തിനെതിരേ ഡി.വൈ.എഫ്.ഐ ഇരിപ്പ് സമരം
കണ്ണൂര്‍: ആല്‍ മരത്തണലിലിരുന്ന് പാട്ടുപാടിയും സൗഹൃദം പങ്കുവച്ചും സദാചാര ഗുണ്ടായിസത്തിനെതിരേ ഡി.വൈ.എഫ്.യുടെ ഇരിപ്പുസമരം. കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്കില്‍ ഇന്നലെ വൈകുന്നേരം നാലോടെയാണ് നേതാക്കളും പ്രവര്‍ത്തകരും എത്തിയത്.
'ഒന്നിച്ചിരുന്നാല്‍, ആണും പെണ്ണും ഇത്തിരിനേരം സംസാരിച്ചാല്‍ പൊട്ടിത്തെറിക്കുന്ന അഗ്‌നിഗോളമല്ല മനുഷ്യശരീരം' എന്ന പ്രഖ്യാപനവുമായാണ് വ്യത്യസ്തമായ സമരം നടത്തിയത്. 'ഒരുമിച്ച് കൈപിടിച്ച് കടലില്‍ ഒന്നിച്ചിറങ്ങും ഞങ്ങള്‍'.. ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറിയേറ്റംഗം എ.വി രഞ്ജിത്ത് ചൊല്ലിയ കവിത മറ്റുള്ളവര്‍ ഏറ്റു ചൊല്ലി. ഡോ. ഖദീജ മുംതാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
സമുദായ സൗഹൃദത്തിന് പോലും വിലക്കേര്‍പ്പെടുത്തുന്നത് സ്ത്രീകളെ വീട്ടിനകത്തേക്ക് ഒതുക്കിയിടാനുള്ള ഗുഢനീക്കത്തിന്റെ ഭാഗമാണെന്ന് അവര്‍ പറഞ്ഞു.
സദാചാര ഗുണ്ടായിസത്തിനെതിരെയുള്ള തെരുവുനാടകവും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഇന്ത്യന്‍ മുന്‍ വോളി ടീം ക്യാപ്റ്റന്‍ കിഷോര്‍കുമാര്‍ സംബന്ധിച്ചു. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.പി ദിവ്യ, ബിജു കണ്ടക്കൈ, ജില്ലാ പ്രസിഡന്റ് എം ഷാജിര്‍, സെക്രട്ടറി വി.കെ സനോജ്, സരിന്‍ശശി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."