ലൈംഗിക വിവാദം ഈ വര്‍ഷം സാഹിത്യ നൊബേല്‍ നല്‍കില്ല
സ്റ്റോക്ക്‌ഹോം: ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കില്ല. സ്വീഡിഷ് അക്കാദമി ലൈംഗിക വിവാദത്തിന്റെയും അഴിമതി ആരോപണത്തിന്റെയും നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 2018ലെ പുരസ്‌കാരം 2019ല്‍ നല്‍കുമെന്ന് സ്റ്റോക്‌ഹോമില്‍ ചേര്‍ന്ന അക്കാദമിയുടെ പ്രതിവാര യോഗം തീരുമാനിച്ചു.
അക്കാദമി പുരസ്‌കാരം മാറ്റിവക്കുന്നത് അപൂര്‍വമാണ്. 1901ല്‍ ആരംഭിച്ച പുരസ്‌കാര വിതരണം ഇതിനു മുന്‍പ് ഒരു പ്രാവശ്യം മാത്രമാണു മുടങ്ങിയിട്ടുള്ളത്. രണ്ടാം ലോകയുദ്ധം ശക്തമായ പശ്ചാത്തലത്തില്‍ 1940നും 1943നുമിടയില്‍ ആര്‍ക്കും പുരസ്‌കാരം നല്‍കിയിരുന്നില്ല.
നൊബേല്‍ പുരസ്‌കാര നിര്‍ണയ സമിതി അംഗവും സ്വീഡിഷ് കവയിത്രിയുമായ കാതറിന ഫ്രോസ്റ്റെന്‍സന്റെ ഭര്‍ത്താവ് ഴാങ് ക്ലൗഡ് ആര്‍നോള്‍ട്ടുമായി ബന്ധപ്പെട്ട ലൈംഗിക-സാമ്പത്തിക വിവാദമാണ് അക്കാദമിയെ പ്രതിസന്ധിയിലാക്കിയത്. ഫ്രഞ്ച് ഫോട്ടോഗ്രാഫറായ ക്ലൗഡ് ആര്‍നോള്‍ട്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 18 സ്ത്രീകള്‍ രംഗത്തെത്തിയതാണു വിവാദങ്ങള്‍ക്കു തുടക്കം കുറിച്ചത്. അക്കാദമിയുമായി ബന്ധപ്പെട്ട കെട്ടിടങ്ങളില്‍വച്ചായിരുന്നു പലരെയും ആര്‍നോള്‍ട്ട് പീഡിപ്പിച്ചത്. ഇതിനു പുറമെ അക്കാദമിയുടെ സാമ്പത്തിക സഹായത്തോടെ ഇയാള്‍ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചതായും ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് അക്കാദമി മേധാവി പ്രൊഫ. സാറ ഡാനിയസ്, ഫ്രോസ്റ്റെന്‍സന്‍ അടക്കം നിരവധി അക്കാദമി അംഗങ്ങള്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, കാതറിന ഫ്രോസ്റ്റെന്‍സനെ പുരസ്‌കാര സമിതിയില്‍നിന്നു പുറത്താക്കേണ്ടതില്ലെന്ന് സംഘടന വോട്ടെടുപ്പിലൂടെ തീരുമാനിച്ചിട്ടുണ്ട്.നിലവില്‍ 11 അംഗങ്ങളാണ് അക്കാദമി അംഗങ്ങളായുള്ളത്. അംഗങ്ങളെ ആജീവനാന്ത കാലത്തേക്കാണ് തെരഞ്ഞെടുക്കുന്നത്. ഒരുതവണ തെരഞ്ഞെടുക്കപ്പെട്ടാല്‍ പിന്നീട് രാജിവയ്ക്കാനാകില്ല. പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കണമെങ്കില്‍ 12 അംഗങ്ങളുടെ പിന്തുണ വേണമെന്നാണ് അക്കാദമി നിയമം അനുശാസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."