ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ വെടിവയ്പ്പ് 350 ഫലസ്തീനികള്‍ക്ക് പരുക്ക്
ഗസ്സ: ഗസ്സ-ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ സമാധാനപരമായി പ്രക്ഷോഭം സംഘടിപ്പിച്ച ഫലസ്തീനികള്‍ക്കെതിരേ തുടര്‍ച്ചയായ ആറാം ആഴ്ചയും ഇസ്‌റാഈല്‍ വെടിവയ്പ്പ്. സംഭവത്തില്‍ 350 പേര്‍ക്ക് പരുക്കേറ്റു. വെടിവയ്പ്പിലും കണ്ണീര്‍ വാതകപ്രയോഗത്തിലുമായാണ് ഇത്രയും പേര്‍ക്ക് പരുക്കേറ്റതെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ ഇതിനകം 45 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസവും ആയിരക്കണക്കിനു ഫലസ്തീനികള്‍ അതിര്‍ത്തിയില്‍ 40 കി.മീറ്റര്‍ ദൂരത്തില്‍ വിവിധയിടങ്ങളിലായി ക്യാംപ് ചെയ്തത്. ഇസ്‌റാഈല്‍ വെടിവയ്പ്പ് പ്രതീക്ഷിച്ചതിനാല്‍ വാഹനങ്ങളുടെ ടയര്‍ കത്തിച്ചും മറ്റും പുകയുയര്‍ത്തി പ്രക്ഷോഭകാരികള്‍ ഇസ്‌റാഈല്‍ സൈന്യത്തിനെതിരേ പ്രതിരോധം തീര്‍ത്തു. ഗസ്സ മേഖലയിലേക്ക് ഇസ്‌റാഈല്‍ സൈന്യം അയച്ച ഡ്രോണിനെ കവണ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചതായും സമരക്കാര്‍ അവകാശപ്പെട്ടു. ആക്രമണത്തെ കുറിച്ച് ഇസ്‌റാഈല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
1948ലെ അറബ് യുദ്ധത്തെ തുടര്‍ന്ന് ഫലസ്തീന്‍ ഗ്രാമങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട എട്ടു ലക്ഷത്തോളം പേരെ തിരിച്ച് നാടുകളിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹമാസ് അടക്കമുള്ള ഫലസ്തീനി സംഘടനകളുടെ നേതൃത്വത്തില്‍ ഏഴാഴ്ച പ്രക്ഷോഭം ആരംഭിച്ചത്. ഫലസ്തീനികള്‍ വഞ്ചനയുടെയും ദുരന്തത്തിന്റെയും ദിനമായി ആചരിക്കുന്ന നക്ബദിനമായ മെയ് 15ന് സമാപിക്കുന്ന തരത്തിലാണ് പ്രക്ഷോഭം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ തുടക്കം മുതല്‍ സായുധമായാണ് ഇസ്‌റാഈല്‍ സമരക്കാരെ നേരിട്ടത്. ആക്രമണത്തിനെതിരേ യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ സൈദ് റഅദ് അല്‍ ഹുസൈന്‍ രംഗത്തെത്തിയിരുന്നു.
ഫലസ്തീനികള്‍ക്കു നേരെയുള്ള അമിതാധികാര പ്രയോഗം അപലപനീയമാണെന്നും നരഹത്യയ്ക്ക് ഇസ്‌റാഈല്‍ ഉത്തരവാദിയായിരിക്കുമെന്നും റഅദ് അല്‍ ഹുസൈന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."