പ്രകാശം പരത്താന്‍ പഴശ്ശി സാഗര്‍
മട്ടന്നൂര്‍: പഴശ്ശി പദ്ധതി പ്രദേശത്ത് പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതി ആരംഭിക്കുന്നു. പഴശ്ശിയില്‍ നിന്ന് കുടിവെള്ളത്തിനു പുറമെ വൈദ്യുതി ഉല്‍പാദനത്തിനുകൂടി വെള്ളമെടുക്കുന്നത് ജലസേചന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയില്‍ ജലവിഭവ വകുപ്പ് പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നില്ല.
വൈദ്യുതി, ജലവിഭവ വകുപ്പ് മേധാവികള്‍ ഇക്കാര്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയിലെത്തിയില്ല. ഇതിനെ തുടര്‍ന്ന് നിര്‍മാണ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു.
79.85 കോടിയുടെ പ്രവൃത്തി കഴിഞ്ഞമാസം ടെന്‍ഡര്‍ ചെയ്തു. 7.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണ് പഴശ്ശി സാഗറില്‍ നിന്നു ലക്ഷ്യമിടുന്നത്.
ജൂണ്‍ മുതല്‍ നവംബര്‍ വരെ വളപട്ടണം പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വെള്ളം ഉപയോഗിച്ച് പ്രതിവര്‍ഷം 25.16 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. പഴശ്ശി പദ്ധതിയില്‍ നിന്നു കനാല്‍ വഴി വെള്ളം വിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ജലസേചന വിഭാഗം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി വരികയാണ്.
അടുത്തവര്‍ഷം സെപ്റ്റംബറോടെ മെയിന്‍ കനാല്‍ വഴി വെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പദ്ധതിയുടെ മെയിന്‍ കനാല്‍ വഴിയും സബ് കനാല്‍ വഴിയും വെള്ളമെത്തിക്കാന്‍ കഴിഞ്ഞാല്‍ ജില്ലയുടെ പകുതി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാവുമെന്നാണ് പഴശ്ശി ജലസേചന വിഭാഗം അധികൃതരുടെ പ്രതീക്ഷ.
പദ്ധതിയുടെ സംഭരണശേഷി 26.52 മീറ്ററാണ്. കനാല്‍ വഴി വെള്ളം വിടണമെങ്കില്‍ സംഭരണിയില്‍ 23.28 മീറ്റര്‍ വെള്ളം ആവശ്യമാണ്. രൂക്ഷമായ വരള്‍ച്ച കണക്കാക്കി അടുത്തിടെയാണ് ജലസേചന വിഭാഗം കനാലിന്റെ ആഴം വര്‍ധിപ്പിച്ചത്.
സംഭരണിയില്‍ 19.50 മീറ്റര്‍ വെള്ളമുണ്ടെങ്കില്‍ പോലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് കെ.എസ്.ഇ.ബി പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇത് ജലസേചന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ജലവിഭവ വകുപ്പിന്റെ വാദം. ജലസേചന പദ്ധതിയായി തുടങ്ങിയ പഴശ്ശി പദ്ധതി ഇപ്പോള്‍ കുടിവെള്ള പദ്ധതി എന്ന നിലയിലാണ് അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."