തറക്കല്ലിട്ടത് പത്തു വര്‍ഷം മുന്‍പ്; 800 കോടിയുടെ പദ്ധതി പ്രദേശം കാടുകയറി നശിക്കുന്നു
സ്വന്തം ലേഖകന്‍
കഠിനംകുളം: പത്തുവര്‍ഷം മുന്‍പ് തറക്കല്ലിട്ട 800 കോടി രൂപയുടെ പദ്ധതി പ്രദേശം കാടുകയറി നശിക്കുന്നു. 2000ല്‍ ഇടതു സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് തറക്കല്ലിട്ട ആക്കുളം അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്ററിനായുള്ള 46 ഏക്കര്‍ ഭൂമിയാണ് നശിക്കുന്നത്. നിലവിലെ ഇടത് സര്‍ക്കാര്‍ പല പദ്ധതികള്‍ക്കും തറക്കല്ലിട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോഴും നാടിനും സര്‍ക്കാറിനും ഏറെ ഗുണകരമായി മാറാവുന്ന ഈ പദ്ധതി ഇന്നും എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ടൂറിസം മന്ത്രി കൂടിയായ കടകംപള്ളിയുടെ സ്വന്തം മണ്ഡലത്തില്‍പ്പെടുന്ന ഈ പദ്ധതി ഇപ്പോഴും വെളിച്ചം കാണാത്തതില്‍ ജനങ്ങളില്‍ പ്രതിഷേധം ശക്തമാണ്.
249 ഓളം മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍, വ്യത്യസ്ഥ രൂപങ്ങളിലും രീതിയിലുമുള്ള പതിനൊന്ന് മിനി ഹാളുകള്‍, അന്‍പത് വി.വി.ഐ.പി മുറികള്‍, 25 ആഡംബര കോട്ടേജുകള്‍, 100 സര്‍വ്വീസ് അപ്പാര്‍ട്ട്‌മെന്റുകള്‍, കുട്ടികള്‍ക്കായുള്ള വിശാലമായ കളിസ്ഥലം പ്രാര്‍ക്ക്), ജിനോഷ്യം, വാട്ടര്‍ സ്‌പോര്‍ട്‌സ്, പാര്‍ലറും ഒപ്പം ഏറ്റവും വിശാലമായ പാര്‍ക്കിങ് സൗകര്യത്തോട് കൂടിയായിയായിരുന്നു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിനായി പത്ത് വര്‍ഷം മുന്‍പ് രൂപരേഖ തയ്യാറാക്കിയത്. 2010ല്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രഖ്യാപനം നടത്തിയ പദ്ധതി ഭരണം മാറിയതോടെ കുഴിച്ച് മൂടിയ അവസ്ഥയായി. പിണറായി സര്‍ക്കാറെങ്കിലും ഈ വിഷയത്തില്‍ കാര്യമായ തീരുമാനം കൈക്കൊള്ളുമെന്ന് ജനം വിശ്വസിച്ചെങ്കിലും ഒന്നും നടക്കാത്ത സാഹചര്യമാണ്.സമീപവാസികളായ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെയാണ് പദ്ധതിക്ക് ആ വിശ്വമായ സര്‍ക്കാര്‍ വക 46 ഏക്കര്‍ ഭൂമി കണ്ടെത്തിയിരുന്നത്. ഏതെങ്കിലും രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ കേരളത്തിന്റെ ടൂറിസത്തിന് ഏറ്റവും വലിയ ഗുണമായിരിക്കും.
ഇപ്പോള്‍തലസ്ഥാനത്ത് എത്തുന്ന വിദേശ സഞ്ചാരികള്‍ നഗരം വിട്ടുള്ള ഹോട്ടലുകളും, ഫ്‌ളാറ്റുകളും, റിസോര്‍ട്ടുകളുമാണ് തെരഞ്ഞെടുക്കുന്നത്. പദ്ധതി ചിറക് വിരിഞ്ഞാല്‍ ആക്കുളം കായലിന്റെ മനോഹാരിതയില്‍ ഏറ്റവും വിശാലമായ സൗകര്യത്തില്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും.
ആക്കുളംബോട്ട് ക്ലബ്, വേളി ടൂറിസ്റ്റ് കേന്ദ്രം, ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്‌റ്റേഡിയം, ഏഷ്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്ക്, കഠിനംകുളം കായല്‍, പെരുമാതുറ മുതലപ്പൊഴി ടൂറിസ്റ്റ് കേന്ദ്രമൊക്കെ പദ്ധതിക്ക് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.വെളിച്ചം കാണാതെ കിടക്കുന്ന ഈ വന്‍ പദ്ധതി ടൂറിസത്തിന്റെ അനന്ത സാദ്ധ്യതയെ മുന്നില്‍ കണ്ട് കൊണ്ടു സര്‍ക്കാര്‍ നടപ്പിലാക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."