ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ തീപിടുത്തം; ഉപകരണങ്ങള്‍ കത്തി നശിച്ചു
കാഞ്ഞങ്ങാട്: മാവുങ്കാല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ചില്‍ തീപിടുത്തം. ഇന്നലെ രാവിലെയോടെയാണു സംഭവം. ലക്ഷങ്ങളുടെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കത്തിനശിച്ചു. രാവിലെ എട്ടോടെ പ്രദേശവാസികളാണ് എക്‌സ്‌ചേഞ്ചില്‍ നിന്നു പുക ഉയരുന്നതു കണ്ടത്. ഇതേ തുടര്‍ന്നു നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അപ്പോഴേക്കും പ്രധാന ഉപകരണങ്ങള്‍ കത്തി നശിച്ചിരുന്നു. ടെലഫോണിന്റെയും ഇന്റര്‍ നെറ്റ് സംവിധാനത്തിന്റെയും കേബിള്‍ ശൃംഖലകള്‍ നിയന്ത്രിക്കുന്ന പ്രധാന ഡിസ്ട്രിബ്യൂഷന്‍ പില്ലറിനാണു തീപിടുത്തത്തില്‍ നാശം സംഭവിച്ചത്.
ഈ പില്ലറിലെ ഉപകരണം പാടെ നശിച്ചതിനാല്‍ എക്‌സ്‌ചേഞ്ച് പരിധിയിലെ ലാന്റ്‌ഫോണ്‍ കണക്ഷനുകളും മൊബൈല്‍ നെറ്റ് സര്‍വിസും ഭാഗികമായി പ്രവര്‍ത്തന രഹിതമായി. വൈദ്യുതി ഷോര്‍ട്ട്‌സര്‍ക്യൂട്ട് കാരണമാകാം തീപിടുത്തം ഉണ്ടായതെന്ന നിഗമനത്തിലാണ് അധികൃതര്‍.
തീപിടിത്തത്തെ തുടര്‍ന്ന് 25 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. അതേ സമയം ഈ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പ്രിന്റിങ് പ്രസും മറുഭാഗത്ത് കൊപ്ര സംഭരണ കേന്ദ്രവുമാണു പ്രവര്‍ത്തിക്കുന്നത്. തീ പടര്‍ന്നിരുന്നെങ്കില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഈ സ്ഥാപനങ്ങളിലും സംഭവിക്കുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."