പെട്രോള്‍ പമ്പില്‍ സംഘര്‍ഷം: രണ്ടു പേര്‍ക്കു കുത്തേറ്റു
ബേക്കല്‍: പെരിയയില്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്കു കുത്തേറ്റു. പെരിയയിലെ സിമന്റ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയും സി.ഐ.ടി.യു യൂനിറ്റ് പ്രസിഡന്റുമായ മടിക്കൈ അടമ്പിലെ ബാലന്റെ മകന് ഷിജു(32), പെട്രോള്‍ പമ്പ് ജീവനക്കാരനും അമ്പലത്തറ സ്വദേശിയുമായ അനൂപ് എന്നിവര്‍ക്കാണു കുത്തേറ്റത്. ഷിജുവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ കാറില്‍ പെട്രോള്‍ അടിക്കാനെത്തിയ ഒരാള്‍ 350 രൂപയ്ക്ക് പെട്രോളടിക്കാന്‍ പമ്പ് ജീവനക്കാരനോട് പറയുകയും തുടര്‍ന്ന് 2000 രൂപ നല്‍കുകയും ചെയ്തു. ബാക്കി തുക പത്തു രൂപയുടെ നോട്ടുകള്‍ നല്‍കിയതോടെ ഇതു സ്വീകരിക്കാന്‍ തയാറാവാതെ പെട്രോള്‍ പമ്പിലെ ജീവനക്കാരന് പ്രജിത്തുമായി ഇയാള്‍ വാക്കേറ്റമുണ്ടായി. ഇതോടെ പമ്പിലെ മറ്റൊരു ജീവനക്കാരന് അനൂപും പ്രശ്നത്തില്‍ ഇടപെട്ടതായും പറയുന്നു. ഇതോടെ കാറില്‍ വന്നയാള്‍ സഹോദരനെ വിളിച്ചു വരുത്തുകയും വാക്കേറ്റത്തിനിടയില്‍ അനൂപിനെ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ബേക്കല്‍ പൊലിസ് പറയുന്നത്. പമ്പിലെ ബഹളം കേട്ട് തൊട്ടടുത്തുണ്ടായിരുന്ന സിമന്റ് ഗോഡൗണിലെ ജോലിക്കാരന് ഇവിടെ ഓടിയെത്തുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ക്ക് കുത്തേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."