നിരവധി മോഷണകേസുകളിലെ മുഖ്യപ്രതി അറസ്റ്റില്‍
കല്ലമ്പലം: പള്ളിക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ എട്ടോളം മോഷണ കേസുകളിലെ ഒന്നാം പ്രതിയായ യുവാവിനെ പിടികൂടി. കടയ്ക്കാവൂര്‍ പെരുംകുളം റംലാ മന്‍സിലില്‍ ആഷിഖിനെ (21) ആണ് തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലിസിന്റെ സഹായത്തോടെ പള്ളിക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
ഈ കേസുകളിലെ കൂട്ടുപ്രതികളായ പെരുകുളം സ്വദേശി സല്‍മാനേയും മണനാക്ക് സ്വദേശി ആസിഫിനേയും നേരത്തേ പിടികൂടിയിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ആഷിഖ് വിദേശത്തേക്ക് കടക്കുകയായിരുന്നു. ആഷിഖിനെതിരേ കേരളാ പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ഇതിനിടയില്‍ ആഷിഖ് തിരിച്ച് ലീവിന് നാട്ടിലെത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് റൂറല്‍ ജില്ലാ പൊലിസ് മേധാവി അശോക് കുമാറിന്റെ നിര്‍ദേശപ്രകാരം ഷാഡോ പൊലിസിന്റെ സഹായത്തോടെ പള്ളിക്കല്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വ്യാജരേഖകള്‍ പ്രകാരം നേടിയ പാസ്‌പോര്‍ട്ടായതിനാല്‍ എയര്‍പോര്‍ട്ടിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം കടമ്പാട്ടുകോണം മാര്‍ക്കറ്റിന് സമീപം പ്രതി ഉള്ളതായി പൊലിസ് മനസിലാക്കുകയും അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മത്സ്യ കച്ചവടത്തിനെന്ന വ്യാജേന പിക്ക് അപ്പ് ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മോഷണത്തിനുള്ള വീടുകള്‍ കണ്ട് വച്ച് രാത്രിയില്‍ ടെറസിലും അകത്തും കടന്ന് റബര്‍ഷീറ്റ് ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ഇപ്രകാരം പള്ളിക്കല്‍ കക്കോട്ടുകോണം നിസാര്‍, സജി, കെട്ടിടം മുക്കിലെ താഹിറാ ബീവി, സുലേഖ, ഇളമ്പ്രകോട് ഹിലാല്‍, രജിലാ, കാട്ടുപുതുശ്ശേരിയിലെ ജമാല്‍ മുഹമ്മദ്, മുല്ലനല്ലൂര്‍ ലക്ഷ്മണന്‍ ചെട്ടിയാര്‍ എന്നിവരുടെ വീടുകളില്‍ മോഷണം നടത്തിയത് ആഷിഖിന്റെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു.
അറസ്റ്റിലായ അഷിഖ് നേരത്തേയും നിരവധി മോഷണക്കേസുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ആറ്റിങ്ങല്‍, കല്ലമ്പലം, കൊല്ലം നോര്‍ത്ത്, കൊല്ലം വെസ്റ്റ്, പുനലൂര്‍ അഞ്ചല്‍ പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളും നിലനില്‍ക്കുന്നുണ്ട്.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. സലീം, സി.പി.ഒ മാരായ ജിഷി, അനീഷ്, ബിനു, ശ്രീരാജ് ഷാഡോ ടീമിലെ ഫിറോസ് ഖാന്‍, ബി. ദിലീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."