പെര്‍ള ചെക്ക് പോസ്റ്റിനു വേണം ശാപമോക്ഷം
ബദിയടുക്ക: മെച്ചപ്പെട്ട സൗകര്യവും ജീവനക്കാരുമില്ലാതെ എക്‌സൈസ് ചെക്ക് പോസ്റ്റ് നോക്കുകുത്തിയായി മാറുന്നു. ചെര്‍ക്കള കല്ലടുക്ക സംസ്ഥാന പാത പെര്‍ളയില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റാണ് അടിസ്ഥാന സൗകര്യമില്ലാതെ ശാപമോക്ഷം കാത്തു കഴിയുന്നത്. ഒറ്റ മുറി വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
സ്വന്തമായി വാഹനമോ ഫോണ്‍ സൗകര്യമോ ജീവനക്കാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശൗചാലയമോ ഇവിടെ ഇല്ല. ഒരു പ്രിവന്റിവ് ഓഫിസറടക്കം ആറു ജീവനക്കാരുടെ സേവനം വേണ്ടിടത്ത് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന രണ്ടു ജീവനക്കാരാണ് ഇവിടെയുള്ളത്.
കേരള-കര്‍ണാടക അതിര്‍ത്തി ചെക്ക്‌പോസ്റ്റ് ആയതു കൊണ്ടു തന്നെ ഇതു വഴി അനധികൃതമായി പുകയില ഉല്‍പന്നങ്ങളുടെയും മറ്റു അനധികൃത ലഹരികളുടെയും കടത്തുസജീവമാണെന്നാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്. എന്നാല്‍ ചെക്‌പോസ്റ്റിനു സ്വന്തമായി വാഹന സൗകര്യമില്ലാത്തതിനാല്‍ പലതും പിടികൂടാന്‍ കഴിയാറില്ലെന്നു ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. പെര്‍ളയില്‍ നിന്നു ചെക്ക് പോസ്റ്റ് വെട്ടിച്ചു കടന്നു പോകാന്‍ നിരവധി ഊടു വഴികള്‍ ഉള്ളതും കടത്തുസംഘത്തിന് അനുഗ്രഹമാകുന്നു. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ചിന്റെ കീഴില്‍ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശത്തു പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റിനു അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു ശാപമോക്ഷം നല്‍കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."