സബൂറയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
കല്ലമ്പലം: കല്ലമ്പലം വണ്ടിത്തടം കോട്ടമലയില്‍ വലിയവിളാകത്ത് വീട്ടില്‍ പരേതനായ അബ്ദുള്‍ കരീമിന്റെ ഭാര്യ സബൂറയെ (62) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡി.ജി.പി നിര്‍ദേശം നല്കി.
ബദറുദ്ദീന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഫെബ്രുവരി 15നാണ് സബൂറയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ മരണശേഷം അഞ്ച് വര്‍ഷമായി മകനും മരുമകള്‍ക്കുമൊപ്പം സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. നിരന്തരമായ കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മരിക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ കല്ലമ്പലം പൊലിസില്‍ പരാതി നല്‍കിയിരുന്നു.
കാലിനു സ്വാധീനക്കുറവുള്ള സബൂറ തൂങ്ങി മരിക്കാന്‍ സാധ്യതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കല്ലമ്പലം പൊലിസ് അന്വേഷണം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.തുടര്‍ന്നാണ് നാട്ടുകാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."