നരിക്കോട്ടുമല ക്വാറി ഖനനം; റിപ്പോര്‍ട്ട്് നല്‍കി
തലശ്ശേരി: നരിക്കോട്ടുമലയിലെ അനിയന്ത്രിത ക്വാറി ഖനനം തടയണമെന്നാവശ്യപ്പെട്ട് ജനകീയവേദി ജില്ലാ ലീഗല്‍സര്‍വിസസ് അതോറിറ്റിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് തലശ്ശേരി സബ് ജഡ്ജ് എം.പി ജയരാജ് നേരിട്ട് നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.
ലീഗല്‍ സര്‍വിസസ് ചെയര്‍മാന്റെ ഉത്തരവിനെ തുടര്‍ന്നാണ് ജഡ്ജ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തലശ്ശേരി തഹസില്‍ദാര്‍, ജിയോളജിസ്റ്റ്, സംസ്ഥാന പാരിസ്ഥിക വകുപ്പ്, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നു വിശദമായ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചതോടൊപ്പം നരിക്കോട്ടുമല ഉള്‍പ്പെടുന്ന 2800ഓളം ഏക്കര്‍ സ്ഥലം നേരിട്ടു സന്ദര്‍ശിച്ചാണ് സബ് ജഡ്ജ് വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയത്. പൊയിലൂരില്‍ 50ല്‍പരം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഓരോ ക്വാറിയും പതിനഞ്ചേക്കറില്‍ കൂടുതല്‍ സ്ഥലത്താണ് ഖനനം നടത്തുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചില ക്വാറികളില്‍ രാവിലെ അഞ്ചു മണിമുതല്‍ ഖനനം ആരംഭിക്കും. ഇതിന് സമീപത്തുള്ള വാഴമലയില്‍ നടത്തുന്ന ഖനനങ്ങള്‍ തികച്ചും നിയമ വിരുദ്ധമാണെന്നും നാട്ടുകാര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. മേഖലയില്‍ സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചിട്ടില്ലെന്നു പരിസരവാസികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. നരിക്കോട്ടുമല ഉള്‍കൊള്ളുന്ന തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും നിരവധി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാറി ഖനനം നടത്തുന്നവര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തി ഗ്രാനൈറ്റ് ഉള്‍പ്പെടെയുള്ള വിലപിടിച്ച വസ്തുക്കള്‍ ഖനനം നടത്തുന്നുണ്ടെങ്കിലും സര്‍ക്കാറിന് നികുതിയിനത്തില്‍ ഒരു രൂപപോലും നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും പ്രദേശത്ത് പരിശോധന നടത്തണമെന്നും ഖനനത്തിന് ഉപയോഗിക്കുന്ന എസ്‌കവേറ്റര്‍ ഉള്‍പ്പെടെയുള്ള വന്‍കിട ഖനന ഉപകരണങ്ങള്‍ പിടിച്ചെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് വ്യക്തമായ പഠനം നടത്തുന്നതിന് പാരിസ്ഥിക വകുപ്പിലെ പ്രഗത്ഭരായ ഉദ്യോഗസ്ഥരെ പ്രസ്തുത പ്രദേശത്തേക്ക് അയക്കണമെന്നും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ലൈസന്‍സ് ലഭിച്ചുവെന്ന് അവകാശപ്പെടുന്നവര്‍ക്കു പോലും തുടര്‍ പ്രവര്‍ത്തനാനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജില്ലാ കലക്ടറും, ജിയോളജിസ്റ്റും അനധികൃത ക്വാറി ഖനനം അടിയന്തിരമായി നിര്‍ത്തിവക്കാന്‍ നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."