തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ മരുന്നുകളില്‍ നിരോധിത കീടനാശിനികളും
മാനന്തവാടി: ജില്ലയിലെ സ്വകാര്യ തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്നത് തൊഴിലാളികള്‍ക്ക് യാതൊരു വിധ സുരക്ഷാ സജീകരണങ്ങളും ഒരുക്കാതെ. തേയില തോട്ടങ്ങളിലാണ് ഇത്തരത്തില്‍ മുന്‍കരുതലുകള്‍ ഇല്ലാതെ വ്യാപകമായ തോതില്‍ മരുന്ന് തളിക്കുന്നത്.
ചപ്പ് വളരുന്നതിനും കളനാശിനിക്കുമായി തളിക്കുന്ന മരുന്നുകളില്‍ നിരോധിത കീടനാശിനികള്‍ വരെ ഉള്‍പ്പെടുന്നുണ്ടന്നാണ് പറയപ്പെടുന്നത്. കുറഞ്ഞ അളവില്‍ മാത്രം ശ്വസിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കാവുന്ന കഡോസ്റ്റിന്‍, സൂപ്പര്‍ഫിക്‌സ് എന്നിവയുള്‍പ്പടെ മഗ്നീഷ്യം മാഗ്നൈറ്റ്, യൂറിയ, എം.ഒ.പി, ബോറിക്, പൊട്ടാസ്യം നൈട്രറ്റ്, സിങ്ക് എന്നിവ ഉള്‍പ്പെടുന്ന കീടനാശിനികളാണ് തോട്ടങ്ങളില്‍ വ്യാപകമായി അടിക്കുന്നത്.
എന്നാല്‍ ഇത്തരം കീടനാശിനികള്‍ തളിക്കുമ്പോള്‍ മതിയായ മതിയായ മുന്‍ കരുതലുകളെടുക്കണമെന്ന കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് ജില്ലയിലെ തോട്ടങ്ങളില്‍ ഇവയെല്ലാം കാറ്റില്‍ പറത്തി കൊണ്ടുള്ള കീടനാശിനി പ്രയോഗം വ്യാപകമായി നടക്കുന്നത്. മാസ്‌ക്, കണ്ണട, ഗ്ലൗസ്, ഷൂ എന്നിവ നിര്‍ബന്ധമായും ധരിക്കണമെന്നാണ് നിയമമെങ്കിലും ഭൂരിഭാഗം മാനേജ്‌മെന്റുകളും ഇതൊന്നും നല്‍കാന്‍ തയ്യാറാകുന്നില്ലന്ന് തൊഴിലാളികള്‍ പറഞ്ഞു.
കീടനാശിനികളുടെ രൂക്ഷമായ ഗന്ധവും ഇത് തളിക്കുമ്പോഴുണ്ടാവുന്ന മറ്റ് കാരണങ്ങളാലും അസഹ്യമായ കണ്ണ് വേദന, കണ്ണ് ചൊറിച്ചില്‍, ശ്വാസ തടസ്സം, മൂത്ര കടച്ചില്‍ എന്നിവയും തൊഴിലാളികള്‍ക്ക് അനുഭവപ്പെടുന്നു. പലപ്പോഴും തൊളിലാളികള്‍ ഇത് കാര്യമായി എടുക്കാറില്ലങ്കിലും പിന്നീട് ഇത് ഗുരുതരമായ രോഗങ്ങള്‍ക്ക് വരെ കാരണമായി തീരാറുണ്ട്. ഒരു ദിവസം 200 ലിറ്റര്‍ വെള്ളത്തിന് ആനുപാതികമായാണ് തൊഴിലാളികള്‍ ശരാശരി തളിക്കേണ്ടത്. കഡോസ്റ്റില്‍ മിശ്രിതം 45 മില്ലിയാണ് വെള്ളത്തില്‍ ചേര്‍ക്കുന്നതെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായതാണ്. മരുന്ന് കലക്കുന്ന തൊഴിലാളികള്‍ക്കാണ് കണ്ണിന് ഏറ്റവും കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ തൊഴിലാളികള്‍ സ്വന്തം കയ്യില്‍ നിന്ന് പണം ചിലവാക്കിയാണ് പലപ്പോഴും മാസ്‌കുകളും മറ്റും വാങ്ങുന്നത്.
കീടനാശിനി പ്രയോഗം സംബന്ധിച്ച പരാതികള്‍ ഉണ്ടാകുമ്പോള്‍ പരിശോധനകള്‍ നടക്കാറുണ്ടങ്കിലും ഉപയോഗിക്കുന്ന മിശ്രിതങ്ങളുടെ യഥാര്‍ഥ ലിസ്റ്റ് നല്‍കാതെ തടിയൂരുകയാണ് മാനേജ്‌മെന്റുകള്‍ ചെയ്യാറുള്ളത്. തോട്ടം തൊഴിലാളികള്‍ വളരെ കൂടുതലുള്ള ജില്ലയില്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നുള്ള പരിശോധന കര്‍ശനമാക്കിയെങ്കില്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."