മഠാപ്പറമ്പ് കോളനിയില്‍ കാണാം 'പാഴായ പച്ചക്കറി വിപ്ലവം'
പുല്‍പ്പള്ളി: ആദിവാസികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും പാഴായി പോകുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുല്‍പ്പള്ളി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ മഠാപ്പറമ്പില്‍ കാണുന്നത്. ആദിവാസികളെ സമുദ്ധരിക്കുന്നതിനായി ഊരുക്കൂട്ടങ്ങള്‍ ചേര്‍ന്ന് ആവശ്യപ്പെട്ട പച്ചക്കറിതൈകളും, മറ്റ് നടീല്‍ വസ്തുക്കളുമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പാഴായത്.
ജൂണ്‍ ആദ്യവാരം മഠാപ്പറമ്പിലെ രണ്ട് ആദിവാസി കോളനികളിലുമെത്തിച്ചത് വന്‍തോതിലുളള പച്ചക്കറി തൈകളായിരുന്നു. വലിയ പ്ലാസ്റ്റിക് ബാഗുകളിലാക്കിയായിരുന്നു തൈകള്‍ എത്തിച്ചത്. വഴുതന, പയര്‍, ചീര, വെണ്ട തുടങ്ങിയ നിരവധി ഇനം പച്ചക്കറികളുടെ തൈകളാണ് കോളനികളിലെത്തിച്ചത്. എന്നാല്‍ ലോറികളിലെത്തിച്ച പച്ചക്കറി തൈകള്‍ വിതരണം ചെയ്യുവാന്‍ അധികൃതര്‍ തയാറാകാതിരുന്നതാണ് ആദിവാസികള്‍ക്ക് പൊല്ലാപ്പായത്. കൃഷി വകുപ്പില്‍ നിന്നെത്തുന്ന ഉദ്യോഗസ്ഥര്‍ പച്ചക്കറി കൃഷിയെക്കുറിച്ച് ബോധവത്ക്കരിച്ച ശേഷമെ തൈകള്‍ വിതരണം ചെയ്യുകയുള്ളുവെന്നായിരുന്നു തൈകള്‍ കൊണ്ടുവന്നവര്‍ അറിയിച്ചത്. ഉദ്യോഗസ്ഥരെ എന്നും ഭയഭക്തി ബഹുമാനത്തോടെ കാണുന്ന ആദിവാസികള്‍ ഒരൊറ്റ തൈപോലും എടുത്തുകൊണ്ടുപോകാതെ ഉദ്യോഗസ്ഥര്‍ വരുന്നതും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒന്നരമാസം കഴിഞ്ഞു. ഇതുവരെ ഇവ വിതരണം ചെയ്യുന്നതിനൊ ബോധവല്‍ക്കരിക്കുന്നതിനൊ മഠാപ്പറമ്പിലേക്ക് ആരും എത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച്ചകളില്‍ ഉണ്ടായ കനത്ത വെയിലില്‍ കൊണ്ടു വന്ന പച്ചക്കറി തൈകളില്‍ ഭൂരിഭാഗവും ഉണങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കോളനിയിലെത്തിയ കാട്ടാന ഇവക്കിടയിലൂടെ നടന്ന് കുറെയെണ്ണം നശിപ്പിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന അയല്‍സഭയിലും ഇക്കാര്യങ്ങള്‍ ആദിവാസികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തൈകളുടെ വിതരണം സംബന്ധിച്ച് വ്യക്തമായ യാതൊരു ഉത്തരവും നല്‍കാതെ പഞ്ചായത്ത് ഭരണാധികാരികള്‍ മടങ്ങിയെന്ന് ആദിവാസികള്‍ പറഞ്ഞു. കാലവര്‍ഷം കനക്കുന്നതിനാല്‍ ഇനി ഈ പച്ചക്കറി തൈകള്‍ ലഭിച്ചാലും അവ ശരിയാംവിധം വളരുകയില്ലെന്ന് ആദിവാസികള്‍ പറയുന്നു. കൊണ്ടുവന്ന തൈകള്‍ ഗുണമേന്മ കുറഞ്ഞവയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ആദിവാസികള്‍ക്ക് പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി പദ്ധതികള്‍ നടപ്പാക്കിയെന്ന് സര്‍ക്കാര്‍ രേഖകളില്‍ കാണുമെങ്കിലും ആ ജനസമൂഹത്തിന് അവ പ്രയോജനപ്പെടാതെ പോകുന്നത് ആരും കാണാതെ പോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."