സമൂഹ മാധ്യമങ്ങളിലൂടെ സി.പി.എം വീണ്ടും അപമാനിക്കുന്നു: അഞ്ജന
തലശ്ശേരി: ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ തനിക്കും കുടുംബത്തിനുമെതിരെ സി.പി.എം വീണ്ടും അപവാദ പ്രചരണം നടത്തുകയാണെന്ന് ആത്മഹത്യക്ക് ശ്രമിച്ച അഞ്ജന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് പരാതിപ്പെട്ടു. ഇന്നലെ വൈകിട്ട് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ അഞ്ജനയെ കാണാനെത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കള്ളക്കേസിന്റെ പേരില്‍ കൈക്കുഞ്ഞമായി ദലിത് സഹോദരിമാരെ ജയിലിലടച്ചത് ആദ്യത്തെ സംഭവമാണെന്നും സ്ത്രീസുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ ദലിത് സഹോദരിമാരെ അപമാനിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കള്ളക്കേസില്‍ ദലിത് സഹോദരിമാരെ ജയിലിലടച്ചത് കേരളത്തിനു തന്നെ അപമാനകരമാണ്. പെണ്‍കുട്ടികള്‍ കൈകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകനെ അടിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് ആദ്യം പരാതിയുണ്ടായത്. എന്നാല്‍ പിന്നീട് അത് ആയുധം കൊണ്ട് അക്രമിച്ചെന്ന് കേസുണ്ടാക്കി. അങ്ങിനെയെങ്കില്‍ അക്രമത്തില്‍ പ്രവര്‍ത്തകന് മുറിവേല്‍ക്കേണ്ടതല്ലേയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."