ബഹുമതികള്‍ അലങ്കാരത്തിനല്ല
പണ്ഡിതന്റെ ഭാഗത്തുനിന്ന് അബദ്ധരൂപേണ ഒരു പാപം വന്നുപോയാല്‍ നാടുനീളെ ചര്‍ച്ചയാണ്. പാമരന്‍ ബോധപൂര്‍വം ഒരു പാതകം ചെയ്താല്‍ അതെവിടെയും ചര്‍ച്ചയല്ല! സമൂഹമനസ് എന്തുകൊണ്ടാണ് ഇങ്ങനെ രണ്ടു നീതി വിധിക്കുന്നത്...? പ്രഭാഷകനല്ലാത്ത ഒരാള്‍ ആദ്യമായി ഒരു പ്രഭാഷണം നടത്തുകയാണെന്നു കരുതുക. അയാളുടെ സംസാരത്തില്‍ ഇടയ്ക്കിടെ ഭീമാബദ്ധങ്ങള്‍ കയറിക്കൂടുന്നുണ്ട്. ആളുകളുടെ മുന്നില്‍ ആദ്യമായി എഴുന്നേറ്റുനില്‍ക്കുന്നതിന്റെ ഭയപ്പാടുകള്‍ മുഖത്തു ശരിക്കും തെളിയുന്നുമുണ്ട്. എന്നാലും അദ്ദേഹത്തെ അഭിനന്ദിക്കാനും അനുമോദിക്കാനും ആളുകള്‍ തയാറാണ്. മറിച്ച് നിലവാരം കുറഞ്ഞ ആ പ്രകടനം കേളിപെരുത്ത ഒരു പ്രഭാഷകനില്‍ നിന്നാണെങ്കില്‍ അയാളെ വിമര്‍ശിക്കാനും പരിഹസിക്കാനുമാണ് ആളുകള്‍ സന്നദ്ധരാവുക..!
ഒരേ നിലവാരം പുലര്‍ത്തുന്ന ഒരേ സംഭവത്തോട് പരസ്പരവിരുദ്ധമായ രണ്ടു സമീപനങ്ങള്‍! എന്തുകൊണ്ടാണിങ്ങനെ? ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനിഷ്ടസംഭവമുണ്ടായാല്‍ പഴി കേള്‍ക്കേണ്ടി വരുന്നത് പ്രധാനമന്ത്രിക്കാണ്. ആ അനിഷ്ടസംഭവത്തിനുത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരു പോലും എവിടെയും പരാമര്‍ശിക്കപ്പെട്ടു കൊള്ളണമെന്നില്ല. എന്താണ് ഇതിനു കാരണം..?
മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാറുള്ള വിദ്യാര്‍ഥിക്ക് ഒരു വിഷയത്തില്‍ 'സി' ലഭിച്ചെന്നിരിക്കട്ടെ. ക്ലാസില്‍ അതു വലിയ ചര്‍ച്ചയാകും. നേരെമറിച്ച്, മുഴുവന്‍ വിഷയങ്ങളിലും 'സി' മാത്രം ലഭിക്കാറുള്ള ഒരു വിദ്യാര്‍ഥിക്ക് ഒരു വിഷയത്തില്‍ എ പ്ലസ് ലഭിച്ചാല്‍ അതത്ര ചര്‍ച്ചയല്ല. എന്താണിതിനു പിന്നില്‍.?
ബഹുമതികള്‍ ഉത്തരവാദിത്തങ്ങളാണെന്നതുതന്നെ കാരണം. സ്ഥാനങ്ങളും മാനങ്ങളും വിശ്രമിക്കാനുള്ള സര്‍ട്ടിഫിക്കറ്റല്ല, ശ്രമം തുടരാനുള്ള ആജ്ഞകളാണ്. അഭിനന്ദനങ്ങളും അനുമോദനങ്ങളും ആട്ടിയുറക്കുന്ന താരാട്ടുപാട്ടുകളല്ല, ഇതുവരെ ചെയ്തപോലെ തുടര്‍ന്നും തുടരാനുള്ള ഉണര്‍ത്തുപാട്ടുകളാണ്. പണ്ഡിതന്‍ എന്ന ബഹുമതി എനിക്കു ലഭിച്ചിട്ടുണ്ടെങ്കില്‍ പാമരനായി ജീവിക്കാനുള്ള എന്റെ സ്വാതന്ത്ര്യം അവസാനിച്ചു എന്നാണതിനര്‍ഥം. ഇനി മുതല്‍ പാണ്ഡിത്യത്തിനു നിരക്കാത്ത ഒന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. അഥവാ, വല്ലതും ഉണ്ടായാല്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വരും. ജനം എന്നെക്കുറിച്ച് പ്രഭാഷകന്‍ എന്നു പറഞ്ഞാല്‍ കുടുങ്ങി; ഇനി പ്രഭാഷണം നിര്‍ത്താന്‍ എനിക്കനുവാദമില്ലാതാകുന്നു. എന്നു മാത്രമല്ല, പ്രഭാഷണത്തിന്റെ നിലവാരം തീരെ കുറയാനും പറ്റില്ല. മികച്ച പ്രഭാഷകന്‍ എന്നാണ് ലഭിച്ച സര്‍ട്ടിഫിക്കറ്റെങ്കില്‍ മികച്ചതല്ലാത്ത പ്രഭാഷണം ഇനി എന്നില്‍ നിന്നുണ്ടാകാന്‍ പാടില്ലെന്നായി. അഥവാ, മികവു കുറഞ്ഞാല്‍ വിലയിടിയും.
ആദ്യമേ വിലയില്ലാത്തതിനു വീണ്ടും വിലയിടിവ് സംഭവിച്ചാല്‍ അതത്ര സങ്കടമുള്ള കാര്യമല്ല. പക്ഷേ, വിലപ്പെട്ടതിന് വിലയിടിവ് സംഭവിക്കുന്നത് അസഹ്യം തന്നെയാണ്. അസാധുവാക്കിയത് അന്‍പതു പൈസയായിരുന്നുവെങ്കില്‍ ആര്‍ക്കും ഒരു വിഷമവുമുണ്ടാകില്ല. പക്ഷേ, ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ക്കാണ് അന്‍പതു പൈസയുടെ വിലപോലുമില്ലാതായിത്തീര്‍ന്നത്. അതാണ് സഹിക്കാന്‍ കഴിയാതായത്. ഉയര്‍ന്ന മൂല്യം എന്നത് ഒരു ബഹുമതിയാണ്. ആ ബഹുമതി വെറും ഒരു ബഹുമതിയല്ല, കൂടെ വലിയ ഉത്തരവാദിത്തം കൂടിയുണ്ട്.
ഒരിക്കലും താഴേക്കു പോകാന്‍ അനുവദിക്കാതിരിക്കുക എന്ന ഉത്തരവാദിത്തം. രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുകയെന്നത് വലിയ സംഭവം തന്നെ. പക്ഷേ, അന്നു മുതല്‍ അയാളുടെ തലയില്‍ വരുന്നത് ഏറ്റവും ഭാരമേറിയ ചുമടാണ്. അത്ര ഭാരമേറിയ ചുമട് രാജ്യത്തെ മറ്റൊരു പൗരനും വഹിക്കേണ്ടതില്ല. പ്രധാനമന്ത്രിയാവാന്‍ സന്നദ്ധനായ ആള്‍ ഇനി ആ ചുമട് വഹിച്ചേ തീരൂ. അതു വഹിക്കാമെന്നേല്‍ക്കുകയും വഹിക്കാതെ ഞെളിഞ്ഞു നടക്കുകയും ചെയ്താല്‍ ജനം വിചാരണ ചെയ്യും.
ഭാരവാഹി എന്നാണല്ലോ പ്രയോഗം തന്നെ. ഭാരം വഹിക്കുന്നയാളാണു ഭാരവാഹി. അതൊരു ബഹുമതി എന്നതിനപ്പുറം ഉത്തരവാദിത്തമാണ്. ഭാരങ്ങള്‍ വഹിക്കുക എന്ന ഉത്തരവാദിത്തം. അതു നിറവേറ്റാതിരുന്നാല്‍ ബഹുമതി തെറിക്കും. തല്‍സ്ഥാനത്തേക്കു മറ്റാരെങ്കിലും കടന്നുകയറും. ഒന്നാം റാങ്ക് വലിയ സ്ഥാനമാണ്. ഇനിയൊരിക്കലും രണ്ടാം റാങ്കിലേക്കോ അതിനു താഴെയുള്ള റാങ്കിലേക്കോ നീങ്ങാന്‍ അനുവാദമില്ലെന്നു കല്‍പ്പിക്കുന്ന സ്ഥാനം. അഥവാ താഴേക്കു പോയാല്‍ അപമാനിതനാകേണ്ടി വരും. പേരിന്റെ കൂടെ ഡോക്ടര്‍ എന്നെഴുതുന്നത് അലങ്കാരത്തിനായി കാണരുത്. എഴുതുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള സന്നദ്ധതയോടെയായിരിക്കണമത്. നിര്‍വഹിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ ആ ബഹുമതി ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യനായി മാറാന്‍ കാരണമായിത്തീരും.
ഉത്തരവാദിത്തം കൂടെയില്ലാത്ത ഒരു ബഹുമതിയും ലോകത്തില്ല. എന്തെങ്കിലും സ്ഥാനമോ മാനമോ ബഹുമതിയോ ലഭിച്ചാല്‍ അതിന്റെ കൂടെ അതിനനുസരിച്ചുള്ള ഉത്തരവാദിത്തവുംകൂടി ഉണ്ടാകും. ആ ഉത്തരവാദിത്ത നിര്‍വഹണമാണ് ലഭിച്ച ബഹുമതിയെ കേടുപാടുകളേല്‍ക്കാതെ നിലനിര്‍ത്തുന്നത്. ബഹുമതിയെ കേവലം ഒരലങ്കാരമായി കണ്ടാല്‍ ജനം അതലങ്കാരമായല്ല, അലങ്കോലമായാണു കാണുക. ആ ബഹുമതിതന്നെ നമ്മെ അവമതിക്കും.
പേരിന്റെ കൂടെ പ്രധാനമന്ത്രി എന്നെഴുതുകയും പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ അവസ്ഥ ആലോചിച്ചു നോക്കുക. പ്രധാനമന്ത്രിയെന്നത് അയാള്‍ക്കൊരലങ്കാരമായി തോന്നുമെങ്കിലും ജനങ്ങള്‍ക്കത് അലങ്കോലമായിട്ടാണനുഭവപ്പെടുക. പ്രധാനമന്ത്രിയെന്ന പദവി അയാളെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യനാക്കിത്തീര്‍ക്കുകയും ചെയ്യും. തന്റെ നാമമെടുത്തുപയോഗിക്കുന്നവന്‍ അതിനോട് നീതി പുലര്‍ത്തുന്ന തരത്തിലുള്ള ജീവിതം നയിച്ചില്ലെങ്കില്‍ അതാ പദവിക്കു സഹിക്കില്ല. പദവിയെ മോശമാക്കിയാല്‍ പദവിയും മോശമാകും. തന്റെ നാമം ദുരുപയോഗപ്പെടുത്തുന്നവനെ ആരും സഹിക്കില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."