സാമ്പത്തിക തട്ടിപ്പ് കേസ്: പി സതീശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സി.പി.എം നേതാവ് പി. ശശിയുടെ സഹോദരന് പി. സതീശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് സതീശന് ഇന്നലെ അറസ്റ്റിലായത്.
പഞ്ചായത്ത് വകുപ്പില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാമെന്നു പറഞ്ഞാണ് കോഴിക്കോട് ഫറോക്ക് സ്വദേശിനിയില്‍ നിന്ന് സതീശന് പണം കൈപ്പറ്റിയത്. ഇപ്രകാരം പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞ് പല തവണകളായി സതീശന് പണം കൈക്കലാക്കിയിരുന്നു. വിശ്വാസ്യതക്കായി രണ്ട് ലക്ഷത്തിന്റെ ചെക്കും സതീശന് നല്‍കിയിരുന്നു. എന്നാല്‍ പണം കൈപ്പറ്റിയിട്ടും നിയമനം സംബന്ധിച്ചു പിന്നീട് യാതൊരു വിവരവും സതീശന് അറിയിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ പൊലിസില്‍ പരാതി നല്‍കിയത്.
സതീശന് സമാനമായ രീതിയില്‍ മിക്ക ജില്ലകളിലും സാമ്പത്തിക തട്ടിപ്പ് നടത്തിയതായും പരാതിക്കാരി ആരോപിച്ചു. എന്‍ജിനീയറിങ് കഴിഞ്ഞുനില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയെടുത്തിരുന്നതായും ആരോപണമുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ വീതം അപേക്ഷകരില്‍ നിന്ന് വാങ്ങിയതായി പരാതിക്കാര്‍ ആരോപിച്ചു. അതേസമയം, കസബ പൊലിസ് പരാതി സ്വീകരിക്കാന്‍ തയാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സതീശനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."