മന്ത്രി അറിയണം.. ആ ലബോറട്ടറിയും നിലച്ചു
നീലേശ്വരം: ഏറെ കെട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പടന്നക്കാട് കാര്‍ഷിക കോളജിലെ അവശിഷ്ട കീടനാശിനി പരിശോധനാ ലബോറട്ടറിയുടെ പ്രവര്‍ത്തനം രണ്ടുവര്‍ഷം കഴിയുന്നതിന് മുന്‍പേ നിലച്ചു. ഉദ്ഘാടനത്തിന് ശേഷം ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന ലബോറട്ടറിയാണ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായത്.
സോയില്‍ കെമിസ്ട്രി വിഭാഗത്തില്‍ ആകെ ഉണ്ടായിരുന്ന ജീവനക്കാരന്‍ സ്ഥലംമാറി പോയതോടെയാണ് ഈ സ്ഥിതി വന്നത്. പച്ചക്കറികളിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും അടങ്ങിയിരിക്കുന്ന കീടനാശിനികളുടെ അളവു പരിശോധിക്കുന്നതിനാണ് ലബോറട്ടറി സ്ഥാപിച്ചത്. സംസ്ഥാനത്ത് കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള രണ്ടാമത്തെ ലബോറട്ടറിയാണിത്. 2017 മാര്‍ച്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലബോറട്ടറി ഉദ്ഘാടനം ചെയ്തത്. സോയില്‍ കെമിസ്ട്രി വിഭാഗത്തിനാണ് ഇതിന്റെ ചുമതല.
വിഷാംശം കണ്ടെത്തുന്നതിനുള്ള വിദേശ നിര്‍മിത ഉപകരണമായ ഗ്യാസ് ക്രൊമറ്റോഗ്രഫി, വിഷാംശത്തിന്റെ തോത് നിര്‍ണയിക്കുന്ന മാസ്‌പെക്ട്രോ മീറ്റര്‍, ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാവശ്യമായ നൈട്രജന്‍ ജനറേറ്റര്‍, നൈട്രജന്‍ ഇവാപ്പറേറ്റര്‍, ലിക്വിഡ് ക്രൊമറ്റോഗ്രഫി, റോട്ടറി വാക്വം ഇവാപ്പറേറ്റര്‍, ഹോമോജെനൈസര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടു കോടിയിലേറെ രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണിവ.
ഈ ലബോറട്ടറി പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയാല്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പഴം, പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിലെ വിഷാംശ പരിശോധന സാധ്യമാകും. കര്‍ഷകര്‍ക്ക് ചുരുങ്ങിയ ചെലവില്‍ അവര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളുടെ സാമ്പിള്‍ പരിശോധിച്ച് സാക്ഷ്യപത്രം നല്‍കാനും കഴിയും. മണ്ണ്, വെള്ളം എന്നിവയിലടങ്ങിയിട്ടുള്ള കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്താനും കഴിയും. ഇന്ന് ജില്ലയിലെത്തുന്ന കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ജീവനക്കാരുടെ നിയമനം സംബന്ധിച്ച വിഷയത്തില്‍ പ്രഖ്യാപനം നടത്തുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക കോളജ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."