അഴീക്കല്‍ സില്‍ക്കില്‍ പൊളിക്കാനായി വീണ്ടും കപ്പലെത്തി
കണ്ണൂര്‍: പൊതുമേഖലാ സ്ഥാപനമായ അഴീക്കല്‍ സില്‍ക്കില്‍ പൊളിച്ചുനീക്കാനായി വീണ്ടും കപ്പലെത്തി. ശക്തമായ ജനകീയ പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനുമൊടുവില്‍ നിര്‍ത്തിവച്ച കപ്പല്‍പൊളിക്കല്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തുടങ്ങുന്നത്. കോസ്റ്റു ഗാര്‍ഡിന്റെ കപ്പല്‍ ഇതിനകം തന്നെ അഴീക്കല്‍ തുറമുഖത്ത് നങ്കൂരമിട്ടു കഴിഞ്ഞു. നേരത്തെ പൊളിച്ച കപ്പലില്‍ നിന്നു വെള്ളത്തില്‍ പടര്‍ന്ന രാസ വസ്തുക്കള്‍ സമീപത്തെ കിണറിലേക്ക് എത്തിയതിനാല്‍ അലര്‍ജി, കാഴ്ചക്കുറവ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായതായി സമരസമിതി നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കലക്ടറേറ്റിനു മുന്നിലും മറ്റും നാളുകള്‍ നീണ്ട സമരത്തിനും നിയമയുദ്ധത്തിനുമൊടുവിലാണ് കപ്പല്‍പൊളി നിര്‍ത്തിവച്ചത്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് വീണ്ടും പൊളിക്കാനായി കപ്പല്‍ എത്തിയതോടെ ഇതിനെ എന്തു വിലകൊടുത്തും തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. കൊച്ചിയില്‍ നിന്നു സ്വകാര്യ ഏജന്‍സിയാണ് 358 മെട്രിക് ടണ്‍ ഭാരമുള്ള ടഗ് എത്തിച്ചിട്ടുള്ളത്. ഇത് പൊളിക്കാനായി തുറമുഖ വകുപ്പിന്റെ അനുമതി ലഭിച്ചതായും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നുമാണ് അധികൃതര്‍ പറയുന്നത്. 50 ലക്ഷം രൂപ ചെലവിട്ട് സംവിധാനങ്ങള്‍ ഒരുക്കിയെന്നാണ് സില്‍ക്ക് എംഡിയുടെ അവകാശവാദം. എന്നാല്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് കപ്പല്‍പൊളിക്ക് അനുമതി നേടിയതെന്നാണു സമരസമിതി ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."