കുടിവെള്ള ക്ഷാമം മീനച്ചില്‍ നദീതട പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഈരാറ്റുപേട്ട: സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും കോടികള്‍ മുടക്കി പാതിവഴിയില്‍ ഉപേക്ഷിച്ച മീനച്ചില്‍ നദീതട പദ്ധതിക്ക് വീണ്ടും മുറവിളി ഉയരുന്നു. വേനല്‍ അതിരൂക്ഷമായ സമയത്ത് സോഷ്യല്‍ മീഡിയകളില്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ചയായിരുന്നു.
ജില്ലയിലെ ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 1984 മാര്‍ച്ച് 28ന് അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ തറക്കല്ലിട്ട പദ്ധതിയാണ് മീനച്ചില്‍ നദീതട പദ്ധതി. തീക്കോയി ചാമപ്പാറ ഇല്ലിക്കുന്നില്‍ ആഘോഷമായി അന്ന് ഉദ്ഘാടനം നടന്ന പദ്ധതി ഈരാറ്റുപേട്ട മുതല്‍ കോട്ടയം ടൗണ്‍ വരെയുള്ള മീനച്ചിലാറിന്റെ തീരത്തുള്ള കര്‍ഷകരും പൊതുജനങ്ങളും വളരെ പ്രതീക്ഷയാണ് നല്‍കിയത്.
തലനാട്, തീക്കോയി പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ അടുക്കത്ത് ഇല്ലിക്കുന്നില്‍ ഡാം കെട്ടി ജലം സംരക്ഷിച്ചു നിര്‍ത്തി വേനല്‍ക്കാലത്ത് മീനച്ചിലാറ്റില്‍ 10 അടി ഉയരത്തില്‍ വെള്ളം ഒഴുക്കുക എന്നതായിരുന്നു പദ്ധതി. മഴക്കാലത്ത് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം തടയുക എന്നത് പദ്ധതിയുടെ മറ്റൊരു ലക്ഷ്യമായിരുന്നു.
പാലാ, ഈരാറ്റുപേട്ട എന്നിവടങ്ങളില്‍ ഇപ്പോഴും റിവര്‍ വാലി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുക്കം എസ്റ്റേറ്റ്, അടുക്കംപള്ളി എന്നിവ മുങ്ങിപ്പോവുമെന്ന് പറഞ്ഞ് പദ്ധതിക്കെതിരായി ഒരു വിഭാഗം രംഗത്തെത്തി. അവരുടെ ആരോപണങ്ങളില്‍ സമീപവാസികളില്‍ പങ്കുചേര്‍ന്നതോടെ ഒരുവിഭാഗം പദ്ധതിക്ക് എതിരായി.
എതിര്‍പ്പുമൂലം പണി തുടരാനാവാതെ പദ്ധതി നിര്‍ജീവമാവുകയായിരുന്നു. സര്‍ക്കാര്‍ മാറി 1987ല്‍ പൂഞ്ഞാര്‍ എം.എല്‍.എ എന്‍.എം ജോസഫ് മന്ത്രിയായതോടെ എതിര്‍പ്പു പരിഗണിച്ച് പദ്ധതി ഉപേക്ഷിച്ചു. പകരം ഇടുക്കി ഡാമില്‍ നിന്നും വരുന്ന ജലം അറക്കുളത്ത് ഡാം കെട്ടി തുരങ്കം വഴി എത്തിക്കുന്ന പുതിയ പദ്ധതിക്ക് രൂപം നല്‍കി.
പിന്നീട് 2003-2004 ല്‍ 50 കോടിയോളം ബജറ്റില്‍ ഉള്‍പ്പെടുത്തി ഇടുക്കി ഡാമില്‍ നിന്ന് തുരങ്കം വഴി വെള്ളമെത്തിച്ച് മൂന്നിലവില്‍ കൊണ്ടുവന്ന് മീനച്ചിലാറ്റില്‍ എത്തിക്കുന്ന പദ്ധതിക്ക് കെ.എം മാണി തുടക്കം കുറിച്ചു. മുവാറ്റുപുഴയാറിലെ ജലം കുറയും എന്ന കാരണം പറഞ്ഞ് ചിലരുടെ സമ്മര്‍ദ്ദം മൂലം ഈ പദ്ധതിയും അട്ടിമറിക്കപ്പെട്ടു.
കാലങ്ങളായി ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ജലക്ഷാമത്തിനു ശാശ്വത പരിഹാരമായി 1984 മാര്‍ച്ച് 28ന് അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ തറക്കല്ലിട്ട അടുക്കത്ത് ഡാം പണിയണമെന്നാവശ്യത്തിന് ഈ കടുത്ത വേനലോടെ വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ജില്ലയിലെ അതിരൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമാവുന്ന മീനച്ചില്‍ നദീതട പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."