നാട്ടുമാങ്ങകളെ സംരക്ഷിക്കാന്‍ അവര്‍ മാഞ്ചോട്ടില്‍ ഒത്തുചേര്‍ന്നു
കണ്ണപുരം: നാട്ടുമാങ്ങകളുടെ സംരക്ഷണത്തിനായി നാട്ടുമാവിന് ചോട്ടില് ഒരു ദേശത്തെ നാട്ടുകാരെല്ലാം ഒത്തൊരുമിച്ചപ്പോള്‍ അതൊരു പുതുചരിത്രമായി മാറി. ലൈഫ് ഓറിയന്റല്‍ റിയല്‍ എജുക്കേഷന്‍, ഫ്രൂട്സ് ലവേഴ്സ് ഓഫ് കേരള എന്നീ സംഘടനകളാണ് നാട്ടുമാവുകളുടെ സംരക്ഷണവും വ്യാപനവും ലക്ഷ്യമാക്കി കണ്ണപുരം കുറവക്കാവിന് സമീപം നാട്ടുമാവിന് ചുവട്ടില്‍ ഒത്തുചേര്‍ന്നത്. കണ്ണപുരത്തെ നൂറോളം മാവുകളുടെ ചുവട്ടിലെത്തി മാമ്പഴം രുചിച്ചാണ് മാവുകളുടെ വൈവിധ്യം അനുഭവിച്ചറിഞ്ഞത്. കണ്ണപുരം മാങ്ങ, ഊറന്‍ മാങ്ങ, മൊരംപുളിയന്, പവിഴ രേഖ, കടുക്കാച്ചി, വരിക്ക മാങ്ങ, ചുണ്ട മാങ്ങ, കാലപ്പാടി, ബപ്പക്കായി, മഞ്ഞച്ചോപ്പന്, മഞ്ഞപ്പഞ്ചാര, കസ്തൂരി മാങ്ങ, പേര്യം മാങ്ങ, നാട്ടുപച്ച, ഇല്ലിക്കടിയന്, വരിക്കമാങ്ങ, കരിങ്കടുക്കാച്ചി, മന്ദാര മാങ്ങ, ചെനയന്‍, മഞ്ഞക്കടുക്കാച്ചി കുഞ്ഞിക്കടുക്കാച്ചി, ആപ്പിള്‍ മാങ്ങ, ആനപ്പളളി മഞ്ഞ തുടങ്ങി അമ്പതോളം നാട്ടു മാങ്ങകള്‍ നാട്ടുകാര്‍ കൂട്ടായ്മയിലൂടെ രുചിച്ചറിഞ്ഞു. മാങ്ങകളുടെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളും ഒരുക്കിയിരുന്നു. പഴുത്ത മാങ്ങ കൊണ്ടുളള പ്രഥമനും പച്ച മാങ്ങ കൊണ്ടുളള പാല്‍പ്പായസവും മാങ്ങ മസാല, പച്ചടി, മാങ്ങ പൂള്, അച്ചാര്‍, ചട്ടണി, പുളിശേരി,മാങ്ങാ പെരക്ക്, രസം എന്നിങ്ങനെ സാധാരണയായി കണ്ടുവരാത്തതും രുചികരവുമായ നിരവധി പുത്തന്‍ മാങ്ങ വിഭവങ്ങളാണ് തയാറാക്കിയത്. കണ്ണപുരം പഞ്ചായത്ത് പരിധിയില്‍ സമൃദ്ധമായി മാമ്പഴം കായ്ച്ച് നില്ക്കുന്ന നൂറോളം മാവുകളും പരിചയപ്പെടുത്തി. ചെറുകുന്ന് ഗവ: ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും കണ്ണപുരം പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി ഒരുക്കിയത്. മാവിന് ചുവട്ടിലെ സംഗമം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വിസി ബാലകൃഷ്ണന് ക്ലാസെടുത്തു. പഞ്ചായത്ത് പ്രസി.കെ, വി. രാമകൃഷ്ണന്, ലോര്‍ കോഓര്‍ഡിനേറ്റര്‍ ഷൈജു മാച്ചാത്തി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."