സിദ്ധന്മാര്‍ ചമഞ്ഞ് വന്‍ തട്ടിപ്പ്
രാജാക്കാട്: ഹൈറേഞ്ച് മേഖലയില്‍ ആയൂര്‍വ്വേദ ചികിത്സയുടെ പേരില്‍ വ്യാജ സിദ്ധന്മാര്‍ ചമഞ്ഞ് വന്‍ തട്ടിപ്പ്. പൂപ്പാറ മേഖലയില്‍ മരുന്ന് കഴിച്ച പലര്‍ക്കും രോഗം വര്‍ധിച്ച് ആശുപത്രികളില്‍ ചികിത്സ തേടി. വ്യാജ മരുന്ന് നല്‍കി തെറ്റിദ്ധരിപ്പിച്ച് പലരില്‍ നിന്നും തട്ടിയെടുത്തത് പതിനായിരക്കണക്കിന് രൂപയാണ്.
എസ്റ്റേറ്റ് പൂപ്പാറ, അഞ്ചേക്കര്‍, പൂപ്പാറയിലെ ലയങ്ങള്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാജ സിദ്ധന്മാര്‍ ചമഞ്ഞ് വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ശ്വാസംമുട്ടല്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് ഒറ്റമൂലി മരുന്ന് ഉണ്ടെന്നും ഒരുമാസത്തിനുള്ളില്‍ രോഗം പൂര്‍ണമായി സുഖപ്പെടുത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതിന് ശേഷം അഡ്വാന്‍സ് വാങ്ങി പോകും പിന്നീട് രണ്ട് ദിവസത്തിനുള്ളില്‍ മരുന്നുമായി എത്തി ബാക്കി തുകയും വാങ്ങി മടങ്ങും.
എന്നാല്‍ മരുന്ന് കഴിച്ച് കഴിഞ്ഞാല്‍ രോഗം കൂടുകയും പിന്നീട് വിദഗ്ധ ചികിത്സ തേടേണ്ടതായും വരുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായവര്‍ ഈ മേഖലയില്‍ നിരവധിയാണ്. എസ്റ്റേറ്റ് പൂപ്പാറ വെള്ളാംകണ്ടത്തില്‍ സ്‌കറിയായ്ക്ക് ശ്വാസം മുട്ടലിന് മരുന്ന് നല്‍കുകയും പിന്നീട് അസുഖം കൂടുതാലുകകയും പിന്നീട് എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങള്‍ കിടത്തി ചികിത്സ നടത്തേണ്ടതായും വന്നു. മാത്രവുമല്ല നിലവില്‍ ഒരാളുടെ സഹായമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പന്ത്രണ്ടായിരം രൂപയാണ് ഇവരില്‍ നിന്നും തട്ടിയെടുത്തത്.
അഞ്ചേക്കറിലുള്ള മരത്തില്‍ നിന്ന് വീണ് വലതുകൈ തളര്‍ന്ന കൊച്ചിക്കാട്ടില്‍ ചെല്ലപ്പനും കൈ സുഖപ്പെടുത്താമെന്ന് പറഞ്ഞ് പതിനായിരം രൂപാ തട്ടിയെടുത്ത് മരുന്ന് നല്‍കി എന്നാല്‍ മരുന്ന് കഴിച്ചതിന് ശേഷം ചലന ശേഷി തിരിച്ച് കിട്ടിയില്ലെന്ന് മാത്രമല്ല നിലവില്‍ രണ്ടുപേരുടെ സഹായമില്ലാതെ നടക്കുവാന്‍ കഴിയാത്ത അവസ്ഥയിലായി.
കുരുവിളാ സിറ്റിയിലുള്ള ഓട്ടോ ഡ്രൈവര്‍ മുഖേനയാണ് വ്യാജ സിദ്ധന്മാര്‍ ആളുകളുടെ അടുത്തെത്തി തട്ടിപ്പ് നടത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇവര്‍ക്കെതിരേ നാട്ടുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ്. പ്രകൃതി ചികിത്സയ്ക്കും ആയൂര്‍വ്വേദ മരുന്നുകള്‍ക്കും പ്രിയമേറിയതോടെയാണ് തട്ടിപ്പ് സംഘങ്ങള്‍ തമിഴ്‌നാട് അടക്കമുള്ള പ്രദേശത്തു നിന്നും ഇവിടേയ്ക്ക് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."