എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ വാക്കേറ്റം
സ്വന്തം ലേഖകന്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയം സംബന്ധിച്ച് പഠനം നടത്തുന്നതിനും ഉത്തരവാദികളെ കണ്ടെത്തുന്നതിനും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുമായി ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളിയ സംഭവത്തില്‍ ഇന്നലെ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ച. ട്രൈബ്യൂണല്‍ വേണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനെതിരേ സെല്‍ യോഗത്തിന് തീരുമാനമെടുക്കാനാവില്ലെന്ന് സെല്‍ അധ്യക്ഷന്‍ കൂടിയായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ യോഗത്തില്‍ വ്യക്തമാക്കി.
നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ട്രൈബ്യൂണല്‍ ആവശ്യം തള്ളിയിരുന്നു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമോയെന്നത് സംബന്ധിച്ച് പഠനം നടത്താനായി രൂപീകരിച്ച രാമചന്ദ്രന്‍ കമ്മിഷന്‍ ഈ ആവശ്യം തള്ളിയതാണെന്നും അതുകൊണ്ട് ട്രൈബ്യൂണല്‍ വേണ്ടെന്ന നിലപാടാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്നും യോഗത്തെ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു.
ഇതിനിടെ ട്രൈബ്യൂണല്‍ അനിവാര്യമാണെന്നും സെല്‍ യോഗം ഈ ആവശ്യം സര്‍ക്കാരിന് മുന്‍പാകെ വീണ്ടും ഉന്നയിക്കണമെന്നും ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായ ഞാനടക്കം എടുത്ത തീരുമാനത്തിനെതിരേ രംഗത്തുവരാന്‍ തനിക്ക് കഴിയില്ലെന്നും ട്രൈബ്യൂണല്‍ വേണമെന്ന് ആവശ്യമുള്ളവര്‍ക്ക് മറ്റ് വഴികളിലൂടെ അതിന് ശ്രമിക്കാമെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് ഈ ആവശ്യത്ത ചൊല്ലി മന്ത്രിയും ചില അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും നടന്നു.
ഒരു ഘട്ടത്തില്‍ താന്‍ അധ്യക്ഷനായിരിക്കുന്ന സെല്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കില്ലെന്ന് മന്ത്രി തറപ്പിച്ച് പറഞ്ഞു. കലക്ടര്‍ കെ ജീവന്‍ ബാബു ഇടപെട്ട് സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞാണ് രംഗം ശാന്തമാക്കിയത്.
ബഡ്‌സ് സ്‌കൂളുകളിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കാനും മൊബൈല്‍ മെഡിക്കല്‍ ടീമിന്റെ സന്ദര്‍ശനം രോഗികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ക്രമീകരിക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ യോഗത്തില്‍ വായിച്ച് അംഗീകരിച്ചു. ഈ ഉന്നതതല യോഗത്തിലാണ് ട്രൈബ്യൂണല്‍ രൂപീകരിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്.
കാസര്‍കോട് കലക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുനീസ അമ്പലത്തറ, നാരായണന്‍ പെരിയ, വിവിധ വകുപ്പു മേധാവികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."