ഉദ്യോഗാര്‍ഥികള്‍ക്ക് എയര്‍ ഇന്ത്യയുടെ 'പണി'
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിക്കായി എത്തുന്നവര്‍ വെറും കൈയോടെ മടങ്ങുന്നു. ഇന്നലെ ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആയിരങ്ങളാണ് എയര്‍ ഇന്ത്യയുടെ അഭിമുഖത്തിനെത്തിയത്. എന്നാല്‍ ഇവര്‍ക്ക് അഭിമുഖമില്ലാതെ രസീത് മാത്രം നല്കി മടക്കി. രാവിലെ മുതല്‍ നിന്നുവലഞ്ഞിട്ടും അഭിമുഖം നടക്കാത്തതിന്റെ രോഷം വിദൂരസ്ഥലങ്ങളില്‍ നിന്നെത്തിയവരില്‍ പ്രകടമായിരുന്നു. എയര്‍ ഇന്ത്യയുടെ പൊതു ഒഴിവുകളിലേക്കുള്ള നിയമന നടപടികളാണ് ഇന്നലെ തുടങ്ങിയത്. ആദ്യദിനം അഞ്ച് തസ്തികകളിലായി 117 ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുമെന്നറിയിച്ചത്. മൂവായിരത്തോളം പേര് കൂടിക്കാഴ്ചയ്ക്കെത്തി. ഇതില്‍ പുനെ, മുംബൈ, ചെന്നൈ, ബിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗാര്‍ഥികളും കേരളത്തിലെ വിവിധ ജില്ലക്കാരുമുണ്ടായിരുന്നു. പലരും ദിവസങ്ങള്‍ക്ക് മുന്‍പ് പുറപ്പെട്ടവര്‍. ഉദ്യോഗാര്‍ഥികളുടെ ആധിക്യത്തെതുടര്ന്ന് ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.
പുലര്‍ച്ചെ മൂന്നോടെ തന്നെ സ്കൂളിന് മുന്നില്‍ ചിലര്‍ നിലയുറപ്പിച്ചിരുന്നു. രക്ഷിതാക്കളെ സ്കൂള്‍ ഗേറ്റിന് പുറത്തുനിര്‍ത്തിയാണ് ഉദ്യോഗാര്‍ഥികളെ പ്രവേശിപ്പിച്ചത്. എന്നാല്‍ കൂട്ടത്തോടെ എല്ലാവരും എത്തിയതോടെ അഭിമുഖം നടത്താനാകാതെ അധികൃതര്‍ വലഞ്ഞു. 500 രൂപയുടെ ഡി.ഡിയും മറ്റ് സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്താനാണ് എയര്‍ ഇന്ത്യയുടെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. അഭിമുഖം നടത്താത്തതിനാല്‍ ഡി.ഡി ഏല്‍പ്പിക്കില്ലെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികള്‍ ബഹളമായി. ഇതോടെ ഡി.ഡി നമ്പര്‍ മാത്രം എഴുതിയെടുത്ത് പൂരിപ്പിച്ച അപേക്ഷ ഉദ്യോഗസ്ഥര്‍ വാങ്ങിവച്ചു അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് രശീതും നല്കി വിടുകയായിരുന്നു. എ.എസ്.പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തിയിരുന്നു.
കണ്ണൂര്‍ എസ്.എന്‍ പാര്‍ക്ക് റോഡിലെ ഹോട്ടലില്‍ അഭിമുഖം നടക്കുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ആദ്യം ലഭിച്ച അറിയിപ്പ്. എന്നാല്‍ ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റിയ വിവരം ഇവരില്‍ പലരും അറിഞ്ഞിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇന്ന് സീനിയര്‍ റാമ്പ് സര്‍വിസ് ഏജന്റ്, റാമ്പ് സര്‍വിസ് ഏജന്റ്, യൂട്ടിലിറ്റി ഏജന്റ് കം റാമ്പ് ഡ്രൈവര്‍ തസ്തികകളിലെ നിയമന നടപടികളാണ് നടക്കുക. തിങ്കളാഴ്ച വരെയാണ് റിക്രൂട്ട്മെന്റ്. കഴിഞ്ഞമാസം കണ്ണൂരിലെ ഒരു ഹോട്ടലില്‍ നടന്ന മറ്റൊരു വിമാനക്കമ്പനിയിലേക്കുള്ള നിയമനവും ഉദ്യോഗാര്‍ഥികളെ ഏറെ വലച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."