ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ വീണ്ടും ഉദ്ഘാടനത്തിനൊരുങ്ങുന്നു
മാനന്തവാടി: പൊതുഖജനാവിലെ പണം ഒരുപാട് ചെലവാക്കി ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തിയ ജില്ലാ ആശുപത്രി മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്കും നല്ലൂര്‍നാട് കാന്‍സര്‍ ആശുപത്രയിലെ റേഡിയോ തെറാപ്പി ചികിത്സാ സംവിധാനവും വീണ്ടും ഉദ്ഘാടനത്തിനൊരുങ്ങുന്നു.
നാളെ ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രിയാണ് ഇവ വീണ്ടും ഉദ്ഘാടനം ചെയ്യുക. ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയാണ്. 2016 ല്‍ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് ജില്ലാ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം അന്നത്തെ പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തതാണ്. മുന്‍ സര്‍ക്കാര്‍ ഭരണ കാലത്ത് പി.കെ ജയലക്ഷ്മി മുന്‍കൈയെടുത്താണ് ജില്ലാ ആശുപത്രിക്കായി നബാര്‍ഡ് മുഖേന 45 കോടി രൂപയുടെ ഫണ്ടിന് എഎസ്സും ടി എസ്സും ലഭ്യാമാക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ശിലാസ്ഥാപന ചടങ്ങും ആര്‍ഭാടപൂര്‍വം നടത്തി.
എന്നാല്‍ പിന്നീട് കെട്ടിട നിര്‍മാണം പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാത്തതിനാല്‍ ആരംഭിക്കാന്‍ കഴിഞ്ഞില്ല. ഇതിനെ ചൊല്ലി ഇടതുമുന്നണിയും സ്ഥലം എം.എല്‍.എയും ഏതാനും മാസം മുമ്പ് ജില്ലാ പഞ്ചായത്തിനെ കുറ്റപ്പെടുത്തിക്കൊണ്ട് മുന്നോട്ട് വരികയും ജില്ലാ പഞ്ചായത്ത് സ്ഥലം എം.എല്‍.എ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാലാണ് നിര്‍മാണ തടസമെന്നും തങ്ങളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു.
ഇതോടെ ഇരുവിഭാഗവും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി പുതിയ കെട്ടിടനിര്‍മാണത്തിന് സാഹചര്യമൊരുങ്ങിയതോടെയാണ് വീണ്ടും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്നത്. 2009 ല്‍ ബി.ആര്‍.ജി.എഫ് പദ്ധതിയിലുള്‍പ്പെടുത്തി 4.04 കോടി രൂപാ ചിലവില്‍ തുടങ്ങിയ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിലുള്ള ടെലികൊബാള്‍ട്ട് റേഡിയോ തെറാപ്പി യൂനിറ്റ് പ്രവര്‍ത്തനം കഴിഞ്ഞ മാസം 13ന് സ്ഥലം എം.എല്‍.എ ഒ.ആര്‍ കേളുവാണ് ഉദ്ഘാടനം ചെയ്തത്.
ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും പ്രസിഡന്റുമാരെല്ലാം പങ്കെടുത്ത ചടങ്ങും കേമമായി തന്നെയാണ് നടത്തിയത്. എന്നാല്‍ ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രിക്കായി വീണ്ടും രണ്ട് ഉദ്ഘാടന ചടങ്ങുകള്‍ ആറിന് സംഘടിപ്പിക്കുയാണ്. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പതിനായിരക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."