സ്ഥാനാര്‍ഥികള്‍ ചെലവ് സമര്‍പ്പിച്ചു ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് വി.അബ്ദുറഹ്മാന്‍ സമയം കഴിഞ്ഞിട്ടും കണക്ക് നല്‍കാതെ 19 പേര്‍
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞടുപ്പ് ചെലവു കണക്കു സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞപ്പോള്‍ മുന്നണി സ്ഥാനാര്‍ഥികളെല്ലാം നിരീക്ഷകര്‍ക്ക് മുന്‍പാകെ കണക്കു സമര്‍പ്പിച്ചു. ജില്ലയില്‍ ആകെയുണ്ടായിരുന്ന 145 സ്ഥാനാര്‍ഥികളില്‍ 126 പേര്‍ കണക്കു നല്‍കിയപ്പോള്‍ 19 പേര്‍ ഇപ്പോഴും കണക്ക് സമര്‍പ്പിച്ചിട്ടില്ല. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം പ്രചാരണത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് താനൂരിലെ എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച വി. അബ്ദുറഹ്മാനാണ്. 25,57,991 രൂപയാണ് അബ്ദുറഹ്മാന്‍ പ്രചാരണത്തിനായി ചെലവഴിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന മുസ്‌ലിംലീഗിലെ അബ്ദുറഹ്മാന്‍ രണ്ടത്താണി 24,02,223 രൂപയാണ് പ്രചാരണത്തിനായി ചെലവിട്ടത്.
കോട്ടക്കലില്‍ മണ്ഡലത്തിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി അബിദ് ഹുസൈന്‍ തങ്ങള്‍ 23,58,374 രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. എതിര്‍സ്ഥാനാര്‍ഥി എന്‍.സി.പിയുടെ മുഹമ്മദ്കുട്ടി 16,13, 510 രൂപയും ചെലവാക്കി. തിരൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സി മമ്മുട്ടി 23,13,291 രൂപ ചെലവിട്ടിട്ടുണ്ട്. മറ്റു സ്ഥാനാര്‍ഥികളെല്ലാം ഇതിലും താഴെയാണ് ചെലവിട്ടിട്ടുള്ളത്. ഒരു സ്ഥാനാര്‍ഥിക്ക് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 28 ലക്ഷം രൂപ വരെ ചെലവഴിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നത്. കണക്കുകള്‍ സമര്‍പ്പിച്ച 126 പേരില്‍ ആരുടെയും ചെലവ് 28 ലക്ഷത്തില്‍ കവിഞ്ഞിട്ടില്ല. അതേസമയം നോമിനേഷന്‍ നല്‍കുന്നതിനുളള ആയിരം രൂപ മാത്രം ചെലവ് നല്‍കിയ സ്ഥാനാര്‍ഥികളുമുണ്ട്. അപരന്‍മാരും സ്വതന്ത്രന്‍മാരുമാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കുന്നതിനുള്ള തുക മാത്രം ചെലവഴിച്ചത്.
ഈ മാസം 18 വരെയാണ് ചെലവ് കണക്ക് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നത്. ഇതുവരെ കണക്ക് സമര്‍പ്പിക്കാത്ത 19 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ അയക്കും. നോട്ടീസ് കൈപറ്റി 20 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിയമം. നിശ്ചിയിച്ച സമയത്തിനുള്ളില്‍ സമര്‍പ്പിക്കാതിരുന്നതിനുള്ള കാരണം രേഖാ സഹിതം നല്‍കുകയും വേണം. രേഖകള്‍ വിശ്വാസയോഗ്യമല്ലെങ്കില്‍ ഇവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പിക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കും. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച ചെലവുകളുടെ കണക്കുകള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഉടന്‍ കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."