ഉത്സവഛായയില്‍ അമ്പലപ്പുഴ- തിരുവല്ല പാതയുടെ നിര്‍മാണോദ്ഘാടനം
ആലപ്പുഴ: ആധുനിക യന്ത്രങ്ങളും പണവുമൊന്നും കൈയിലില്ലാതെ പലരെയും സ്വാധീനിച്ച് അഴിമതി കാട്ടി പണമുണ്ടാക്കാമെന്നു കരുതുന്ന കരാറുകാര്‍ക്ക് സര്‍ക്കാര്‍ പ്രവൃത്തികള്‍ നല്‍കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. 69.05 കോടി രൂപ മുടക്കി പുനര്‍നിര്‍മിക്കുന്ന അമ്പലപ്പുഴ- തിരുവല്ല സംസ്ഥാനപാതയുടെ നിര്‍മാണോദ്ഘാടനം എടത്വായില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്‍വയലുകള്‍ നികത്താതെതന്നെ പാലങ്ങളും റോഡുകളും നിര്‍മിക്കും. നിലം നികത്താന്‍ പാടില്ല. ജലാശയങ്ങള്‍ നികത്തരുതെന്ന് കാഴ്ചപ്പാടും നയവുമാണ് സര്‍ക്കാരിനുള്ളത്. വയല്‍ നികത്താതെ തന്നെ റോഡും പാലങ്ങളും പണിയാം. വന്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഖജനാവിന് ശേഷിയില്ലാത്തതിനാല്‍ പണം വായ്പയെടുത്താണ് പദ്ധതികള്‍ നടത്തുന്നത്. ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ പ്രവൃത്തിയാണിത്.
100 വര്‍ഷത്തെ മികച്ച പാരമ്പര്യമുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സൊസൈറ്റിയെയാണ് മന്ത്രിസഭ തീരുമാനിച്ച് പദ്ധതി ഏല്‍പ്പിച്ചിരിക്കുന്നത്. ടെന്‍ഡര്‍ ഇല്ലാതെ തന്നെ ചില സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കാം. മന്ത്രിസഭ തീരുമാനിച്ചാല്‍ മതി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1000 കോടി രൂപയുടെ പദ്ധതികളാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് യു.ഡി.എഫ്. നല്‍കിയത്.
മികച്ച നിലയില്‍ പ്രവൃത്തി ചെയ്യുന്നവരാണവര്‍. 48 കരാറുകാര്‍ ചേര്‍ന്ന് കേസു കൊടുത്തതിനാലാണ് ഓഗസ്റ്റില്‍ കരാര്‍ നല്‍കിയിട്ടും ഉദ്ഘാടനം വൈകിയത്. എന്തു തടസം സൃഷ്ടിക്കാന്‍ ശ്രമിച്ചാലും റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തോമസ് ചാണ്ടി എം.എല്‍.എ. അധ്യക്ഷനായി. അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ചീഫ് എന്‍ജിനിയര്‍ പി.കെ. സതീശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രജിത്ത് കാരിക്കല്‍, ഈപ്പന്‍ കുര്യന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.കെ. അശോകന്‍, ബിനു ഐസക് രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി. വേണുലാല്‍, ടെസി തോമസ്, അംബികാ ഷിബു, സജി ചെറിയാന്‍, ജേക്കബ് മാത്യു അരികുപുറം, കെ. സോമന്‍, കെ. പ്രകാശന്‍, ജയ്‌സപ്പന്‍ മത്തായി, എ. ഓമനക്കുട്ടന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ബി. വിനു എന്നിവര്‍ പ്രസംഗിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദീപ്തി ഭാനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."