നിയമവിരുദ്ധ മത്സ്യബന്ധനം; ബോട്ട് പിടികൂടി
ഫറോക്ക്: നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ ബോട്ട് അധികൃതര്‍ പിടികൂടി. പുതിയാപ്പ പുതിയങ്ങാടി മുക്കുവന് കണ്ടി വീട്ടില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള 'കല്യാണി' ബോട്ടാണ് കസ്റ്റഡിയില്‍ എടുത്തുത്. പുതിയാപ്പ ഹാര്‍ബറില്‍ ഫിഷറീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും നടത്തിയ പരിശോധനയിലാണ് ബോട്ട് ലൈസന്‍സില്ലാതെയാണ് മത്സ്യബന്ധനം നടത്തിയതെന്ന് കണ്ടെത്തിയത്. ബോട്ടില്‍നിന്നു കണ്ണിവലിപ്പം കുറഞ്ഞ വലയും കണ്ടെടുത്തു.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് റിപ്പോര്‍ട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ബേപ്പൂര്‍, പുതിയാപ്പ തുറമുഖങ്ങള്‍ കേന്ദ്രമായി ജുവനൈല്‍ ഫിഷിങ്ങും വളമത്സ്യത്തിനായി മാത്രം മത്സ്യബന്ധനവും വ്യാപകമായി നടക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധനക്കെത്തിയത്. അസിസ്റ്റന്റ് ഡയരക്ടര്‍ ഓഫ് ഫിഷറീസ് പി.കെ രഞ്ജിനി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി.ഐ എസ്. സുജിത്ത്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സി.പി വിചിത്രന്‍, ടി.പി ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുറമുഖത്തുണ്ടായിരുന്ന ബോട്ടുകള്‍ എല്ലാം പരിശോധിച്ചെങ്കിലും വളമത്സ്യം കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ബേപ്പൂര്‍ ഹാര്‍ബറിലും ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പരിശോധന നടത്തിയിരുന്നു. വളത്തിനായി മത്സ്യബന്ധനം നടത്തി വരുന്ന ബോട്ടുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."