ഡബ്ല്യു.എം.ഒ 14-ാമത് സ്ത്രീധന രഹിത വിവാഹസംഗമം ഇന്ന്
മുട്ടില്‍: വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ 14-ാമത് സ്ത്രീധന രഹിത വിവാഹസംഗമം ഇന്ന് ഡബ്ല്യു.എം.ഒ അങ്കണത്തില്‍ നടക്കും. 10 ഹൈന്ദവ സഹോദരി, സഹോദരന്മാര് ഉള്‍പ്പെടെ 100 വധൂവരന്മാരാണ് ഈ വര്‍ഷം വിവാഹിതരാകുന്നത്. വധുവിന് അഞ്ചു പവനും വരന് ഒരു പവനും സ്വര്‍ണാഭരണം സമ്മാനമായി നല്‍കും. വിവാഹസദ്യ, വധൂ വരന്മാര്ക്കുള്ള വസ്ത്രങ്ങളും കമ്മിറ്റി നല്‍കും.
12 മണിക്ക് നടക്കുന്ന നികാഹ് കര്‍മങ്ങള്‍ക്ക് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത വയനാട് ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, കാളാവ് സൈതലവി മുസ്ലിയാര്, ഇമ്പിച്ചിക്കോയ മുസ്ലിയാര്, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ സി. മമ്മൂട്ടി, കെ.എം ഷാജി, പി.പി.എ കരീം, പിണങ്ങോട് അബൂബക്കര്‍, ഇബ്രാഹീം എളേറ്റില്‍ ചടങ്ങില്‍ സംബന്ധിക്കും.
റാഷിദ് ഗസാലി കൂളിവയല്‍ ഖുതുബ നിര്‍വഹിക്കും.
ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലില്‍ പ്രത്യേകം സജ്ജമാക്കിയ കതിര്‍മണ്ഡപത്തില്‍ രാവിലെ ഒന്‍പതിന് ശേഷമുള്ള ശുഭ മുഹൂര്‍ത്തത്തിലാണ് 5 ഹൈന്ദവ യുവതീ യുവാക്കളുടെ വിവാഹം നടക്കുക. ചടങ്ങില്‍ സമന്വയ ഗിരി ആശ്രമാധിപന് ശ്രീമദ് സ്വാമി ആത്മദാസ് യമി ധര്‍മപക്ഷ വിശിഷ്ടാതിഥിയായി സംബന്ധിക്കും.
സ്വാമിനി പ്രേം വൈശാലി (അപൂര്‍വാശ്രമം, കണ്ണൂര്‍), എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഐ.സി ബാലകൃഷ്ണന്, ഒ.ആര് കേളു, കുഞ്ഞിക്കണ്ണന് വാണിമേല്‍, നജീബ് കാന്തപുരം, സി.കെ സുബൈര്‍ സംബന്ധിക്കും.
രാവിലെ 10ന് നടക്കുന്ന വനിതാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. അഡ്വ. നൂര്ജഹാന്, ഖമറുന്നിസ അന്‍വര്‍, ജയന്തി നടരാജന്, ആമിന ടീച്ചര്‍, റസീന അബൂബക്കര്‍ സംബന്ധിക്കും.
സ്ത്രീധനമോ മറ്റു ഉപാധികളോ ഇല്ലാതെ വിവാഹിതരാകുന്ന യുവതീ യുവാക്കളെയാണ് ഡബ്ല്യു.എം.ഒ സ്ത്രീധന രഹിത വിവാഹസംഗമത്തിലേക്ക് തെരെഞ്ഞെടുത്തത്.
ഡോ. എന്‍.പി ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിങ് നല്‍കിയിരുന്നു.
വിവാഹസംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
കഴിഞ്ഞ പതിമൂന്നു വര്ഷളിലായി നടന്ന വിവാഹസംഗമങ്ങളിലൂടെ 1718 യുവതീ യുവാക്കളാണ് ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."