അപകടം തുടര്‍ക്കഥയാകുമ്പോഴും ക്ഷേമപദ്ധതികളില്‍ ചേരാതെ തൊഴിലാളികള്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ ആവാസ് ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളില്‍ ജില്ലയില്‍ അംഗമായത് ചുരുക്കം പേര്‍ മാത്രം.
ഇന്നലെ ചിന്താവളപ്പിലുണ്ടായ അപകടത്തില്‍പെട്ടവരും രക്ഷപ്പെട്ടവരും ഒരു പദ്ധതിയിലും അംഗമായിരുന്നില്ല. സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയെന്ന പേരില്‍ നടപ്പാക്കിയ ആവാസ് പദ്ധതിപ്രകാരം പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകടമരണം സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
ജില്ലയില്‍ ഇരുപതിനായിരത്തോളം തൊഴിലാളികള്‍ മാത്രമാണ് പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുള്ളത്.
ഭൂരിഭാഗം തൊഴിലാളികളും ഇനിയും പദ്ധതിക്ക് പുറത്താണ്. ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കരാറുകാരും ഉടമകളും നിര്‍ബന്ധമായും ഇവരെ ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്ന് ലേബര്‍ ഓഫിസര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഇതു പ്രാവര്‍ത്തികമായിട്ടില്ല.
കഴിഞ്ഞവര്‍ഷം നവംബറോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതര.സംസ്ഥാന തൊഴിലാളികള്‍ക്കായി പുതിയ പദ്ധതിക്കു രൂപം നല്‍കിയത്. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളിലും അപകടമരണങ്ങള്‍ സംഭവിക്കുന്നത് പതിവാകുന്ന സാഹചര്യങ്ങളിലുമാണ് സര്‍ക്കാര്‍ പുതിയ നടപടിയുമായി മുന്നോട്ട് വന്നത്. തൊഴിലാളികള്‍ക്ക് താമസിക്കാനായി പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനവും നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."