സഊദിയില്‍ യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വിമാന കമ്പനികള്‍ക്ക് അര ലക്ഷം റിയാല്‍ പിഴ
റിയാദ്: സഊദിയില്‍ വിമാന യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വിമാന കമ്പനികള്‍ക്ക് അര ലക്ഷം റിയാല്‍ പിഴ ഈടാക്കുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. അടുത്തിടെ അംഗീകരിച്ച യാത്രക്കാരുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതിന് വീഴ്ച വരുത്തരുതെന്നും വിമാന കമ്പനികള്‍ നിയമാവലിയില്‍ ഏതെങ്കിലും ഒന്നില്‍ വീഴ്ച വരുത്തിയാല്‍ അര ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍സ് അറിയിച്ചു.
യാത്രക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച പുതിയ നിയമാവലി വെള്ളിയാഴ്ച്ച സഊദി ഗസറ്റില്‍ അധികൃതര്‍ പ്രസിദ്ധീകരിച്ചു. മൂന്ന് മാസത്തിനു ശേഷം പ്രാബല്യത്തില്‍ വരുന്ന ഇതില്‍ യാത്ര ആറു മണിക്കൂറില്‍ അധികം വൈകിയാല്‍ വിമാന യാത്രക്കാര്‍ക്ക് സൗജന്യ താമസ സൗകര്യം ഒരുക്കണമെന്നും വിമാനത്താവളത്തില്‍ നിന്നും താമസ കേന്ദ്രങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കണമെന്നും ഒരു മണിക്കൂര്‍ വൈകിയാല്‍ പാനീയങ്ങളും മൂന്നു മണിക്കൂര്‍ വൈകിയാല്‍ ഭക്ഷണ സൗകര്യങ്ങളും നല്‍കണമെന്നും വ്യവസ്ഥയില്‍ പറയുന്നു.
യാത്രക്കാരുടെ ബാഗേജുകള്‍ നഷ്ടപ്പെട്ട പരാതി ലഭിച്ചാല്‍ മുപ്പതു ദിവസത്തിനകം നഷ്ട പരിഹാരം നല്‍കണമെന്നും യാത്ര റദ്ദാക്കുന്നത് നാലു മണിക്കൂര്‍ മുന്‍പ് വരെ അറിയിക്കുകയും ആറു മണിക്കൂറിനുള്ളില്‍ ബദല്‍ യാത്രാ സംവിധാനം സജ്ജീകരിക്കുകയും വേണമെന്നതടക്കം 22 വകുപ്പുകളുള്ള നിയമാവലിയാണ് അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."