സഊദിയില്‍ ട്രാഫിക് പൊലിസായി വനിതകള്‍ ഉടന്‍ ഇറങ്ങും
ജിദ്ദ: സഊദിയില്‍ ട്രാഫിക് ഡയറക്ടറേറ്റിനു കീഴില്‍ വനിതാ ഉദ്യോഗസ്ഥര്‍ വൈകാതെ ഫീല്‍ഡ് സേവനം ആരംഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.
വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള മുഴുവന്‍ തയാറെടുപ്പുകളും ട്രാഫിക് ഡയറക്ടറേറ്റ് പൂര്‍ത്തിയാക്കി. ഏതാനും യൂനിവേഴ്സിറ്റികളുമായി സഹകരിച്ച് ലേഡീസ് ഡ്രൈവിംഗ് സ്കൂളുകള്‍ സ്ഥാപിച്ചു.
ഇതില്‍ ചില സ്കൂളുകള്‍ ഡ്രൈവിംഗ് പരിശീലനം തുടങ്ങിയിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ അഞ്ചു ലേഡീസ് ഡ്രൈവിംഗ് സ്കൂളുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. മറ്റേതാനും നഗരങ്ങളില്‍ ലേഡീസ് ഡ്രൈവിംഗ് സ്കൂളുകള്‍ തുറക്കുന്നതിനുള്ള അപേക്ഷകള്‍ പഠിച്ചുവരികയാണ്.
ഡ്രൈവിംഗ് പരിശീലനം പൂര്‍ത്തിയാക്കുന്ന വനിതകള്‍ക്ക് ലൈസന്‍സുകള്‍ വിതരണം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. സഊദിയിലെ ട്രാഫിക് നിയമം അനുശാസിക്കുന്നതു പ്രകാരം,
സഊദി അംഗീകരിക്കുന്ന വിദേശങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുകളും അന്താരാഷ്ട്ര ലൈസന്‍സുകളും മാറ്റിനല്‍കും.
വിദേശ, അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റി സൗദി ലൈസന്‍സ് നേടുന്നതിന് ആഗ്രഹിക്കുന്നവരെ സ്വീകരിക്കാന്‍ 21 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
റിയാദ്, ദമാം, അല്‍ഹസ, ജുബൈല്‍, ബുറൈദ, ഉനൈസ, ഹായില്‍, തബൂക്ക്, ജിദ്ദ, തായിഫ്, മക്ക, മദീന, അബഹ, അറാര്‍, ജിസാന്‍, നജ്റാന്, അല്‍ബാഹ, ഖുറയ്യാത്ത്, സകാക്ക എന്നിവിടങ്ങളിലാണ് ഈ കേന്ദ്രങ്ങളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."